അറിവിന്റെ വെളിച്ചമേകുന്ന വിദ്യാകിരണം : നവകേരള മോഡൽ

കേരളത്തിന്റെ തനതായ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാനും ആധുനികവൽക്കരിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഏറ്റവും പ്രധാനപ്പെട്ട ബഹുജന പങ്കാളിത്ത പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഈ ദൗത്യം പ്രധാനമായും ഭൗതികവും അക്കാദമികവും ഭരണപരവും സാംസ്‌കാരികവുമായ നാല് പ്രധാന തലങ്ങളിലുള്ള മാറ്റങ്ങളെയാണ് മുൻനിർത്തുന്നത്. ആയിരക്കണക്കിന് സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ക്ലാസ് മുറികൾ സമ്പൂർണ്ണമായി ഹൈടെക് ആക്കുക, പ്രൈമറി തലം മുതലുള്ള പഠന നിലവാരം മെച്ചപ്പെടുത്തുക എന്നിവ ഇതിന്റെ ഭാഗമാണ്. ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം വിദ്യാലയങ്ങളെ പ്രാദേശികമായ സാംസ്‌കാരിക കേന്ദ്രങ്ങളായി മാറ്റുന്നതിനും ഈ പദ്ധതി വലിയ പ്രാധാന്യം നൽകുന്നു.

 

അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് 2016 മുതൽ കേരളം കാഴ്ചവെക്കുന്നത്. കിഫ്ബി വഴി 1427 കോടി രൂപയുടെ വലിയ നിക്ഷേപമാണ് ഈ മേഖലയിൽ നടത്തിയത്. അഞ്ച് കോടി, മൂന്ന് കോടി, ഒരു കോടി എന്നിങ്ങനെ വ്യത്യസ്ത വിഭാ​ഗങ്ങളിലായി ആകെ 973 സ്‌കൂൾ കെട്ടിടങ്ങളിൽ 550 എണ്ണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. സാങ്കേതികവിദ്യാ സൗഹൃദ പഠനത്തിന്റെ ഭാഗമായി 55,000-ത്തിലധികം ക്ലാസ് മുറികൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. കൂടാതെ സ്‌കൂളുകളിൽ ട്വിങ്കറിംഗ് ലാബുകളും റോബോട്ടിക് ലാബുകളും സജ്ജീകരിക്കുകയും, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയും ചെയ്തു.

 

അക്കാദമിക രംഗത്ത് ഒരു ദശാബ്ദത്തിന് ശേഷം നടപ്പിലാക്കിയ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം ഈ പദ്ധതിയുടെ മറ്റൊരു നാഴികക്കല്ലാണ്. 2024-25 അധ്യയന വർഷത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചു പുറത്തിറക്കി. ഇതിന്റെ തുടർച്ചയായി 2025-26 വർഷത്തിൽ 2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളും പരിഷ്‌കരിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി 2023-24 മുതൽ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ 3.8 കോടി പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുന്ന കാര്യക്ഷമമായ സംവിധാനം ഇന്ന് കേരളത്തിലുണ്ട്.

 

ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ കേരളം എന്നും മുൻപന്തിയിലാണ്. ദേശീയ സാക്ഷരതാ നിരക്ക് 74.04 ശതമാനമായിരിക്കുമ്പോൾ കേരളം 94 ശതമാനവുമായി ഒന്നാമത് നിൽക്കുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ സ്‌കൂൾ കൊഴിഞ്ഞുപോക്ക് നിരക്കുള്ള സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനാണ്. സമത്വം, ഉൾക്കൊള്ളൽ, സാമൂഹിക നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ മുൻനിർത്തി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്.

 

സംസ്ഥാനത്തെ നിലവിലെ വിദ്യാഭ്യാസ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ 4700 സർക്കാർ സ്‌കൂളുകളും 7202 എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടെ 12,945 വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വിവിധ ജില്ലകളിലായി ആയിരത്തിലേറെ സ്‌കൂളുകൾ ഓരോ പ്രദേശത്തും സേവനം നൽകുന്നു. 2025-26 അധ്യയന വർഷത്തെ കണക്കനുസരിച്ച് വിവിധ വിഭാഗങ്ങളിലായി 35,34,702 വിദ്യാർത്ഥികൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആശ്രയിക്കുന്നു. ഇതിൽ പകുതിയോളം (17,35,865) പെൺകുട്ടികളാണെന്നത് സ്ത്രീവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മുന്നേറ്റത്തെയും വ്യക്തമാക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

മാലിന്യമുക്തം നവകേരളം: മാലിന്യസംസ്‌കരണത്തിൽ ചരിത്രം തിരുത്തി കേരളം
മാലിന്യമുക്ത കേരളം കെട്ടിപ്പടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കൂട്ടായ പരിശ്രമങ്ങൾ ഒടുവിൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിനും സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിനും ശേഷം കേരളം കണ്ട ഏറ്റവും വലിയ ജനകീയ ക്യാമ്പയിനായി 'മാലിന്യമുക്തം നവകേരളം' മാറിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ആർദ്രം മിഷൻ: നവകേരളത്തിന്റെ ആരോഗ്യമാതൃക
എല്ലാവർക്കും മികച്ചതും സൗജന്യവുമായ ചികിൽസ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ആർദ്രം മിഷൻ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മികച്ച ആരോഗ്യമാതൃകയായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ