
എല്ലാവർക്കും മികച്ചതും സൗജന്യവുമായ ചികിൽസ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ആർദ്രം മിഷൻ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മികച്ച ആരോഗ്യമാതൃകയായി കേരളം മാറി. ആരോഗ്യ-വനിത ശിശുവികസന വകുപ്പിന് ഈ കാലയളവിൽ മുപ്പതോളം ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. ഇതിൽ 2024-ൽ പകർച്ചേതര രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആർ.സി.സി-യ്ക്ക് ലഭിച്ച ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ഏറെ ശ്രദ്ധേയമാണ്. കൂടാതെ, ഏറ്റവും കൂടുതൽ സൗജന്യ ചികിൽസ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര പുരസ്‌കാരം തുടർച്ചയായി മൂന്ന് വർഷം കേരളത്തിന് ലഭിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടർച്ചയായി രണ്ട് വർഷം ഒന്നാമതെത്താനും ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചു.
പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്ത് 5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതോടെ താഴെത്തട്ടിലുള്ള ചികിൽസാരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിയതിന്റെ ഫലമായി 302 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം (NQAS) ലഭിച്ചു. ഇതിൽ നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ആശുപത്രി സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി 767 ആശുപത്രികളിൽ ഓൺലൈൻ ഒ.പി. ടിക്കറ്റ് സംവിധാനവും 313 ഇടങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യവും ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.
സൗജന്യ ചികിൽസ ഉറപ്പാക്കുന്ന കാര്യത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയായി തുടരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 25.17 ലക്ഷം പേർക്ക് ആകെ 7,036 കോടി രൂപയുടെ സൗജന്യ ചികിൽസയാണ് നൽകിയത്. ഇതിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) വഴി 24.06 ലക്ഷം പേർക്ക് 6,523 കോടി രൂപയുടെ ചികിൽസ ലഭ്യമാക്കി. കെ.എം.എസ്.സി.എൽ (KMSCL) വഴി 3,300 കോടിയിലധികം രൂപയുടെ സൗജന്യ മരുന്നുകളാണ് 1,847 ആശുപത്രികളിലൂടെ വിതരണം ചെയ്തത്. അപൂർവ്വ രോഗം ബാധിച്ച കുട്ടികൾക്കായി KARE പദ്ധതിയിലൂടെ സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതും പാലിയേറ്റീവ് കെയർ രംഗത്ത് 'കേരള കെയർ' എന്ന പേരിൽ സമഗ്രമായ ഗ്രിഡ് രൂപീകരിച്ചതും ആരോഗ്യമേഖലയിലെ സർക്കാരിന്റെ കരുതലിന്റെ അടയാളങ്ങളാണ്.
കാൻസർ പ്രതിരോധത്തിലും ചികിത്സയിലും ആധുനിക സാങ്കേതികവിദ്യകൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ ആർദ്രം മിഷനിലൂടെ സാധിച്ചു. കാൻസർ ഗ്രിഡ് സ്ഥാപിച്ചതിലൂടെ സംസ്ഥാനത്തെ എല്ലാ ചികിത്സാ കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചു. 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന ജനകീയ കാമ്പയിൻ വഴി 15 ലക്ഷത്തിലധികം പേരെ കാൻസർ സ്‌ക്രീനിംഗിന് വിധേയമാക്കി. കാരുണ്യ സ്പർശം കൗണ്ടറുകൾ വഴി മുന്നൂറോളം ഇനം വിലകൂടിയ കാൻസർ മരുന്നുകൾ ലാഭമില്ലാതെ 14 ജില്ലകളിലും ലഭ്യമാക്കി വരുന്നു. സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർ.സി.സിയിലും മലബാർ കാൻസർ സെന്ററിലും റോബോട്ടിക് സർജറി യൂണിറ്റുകൾ സ്ഥാപിച്ചു. മലബാർ കാൻസർ സെന്ററിൽ സർക്കാർ തലത്തിൽ രാജ്യത്തെ രണ്ടാമത്തെ കാർ ടി സെൽ തെറാപ്പി വിജയകരമായി നടപ്പിലാക്കി എന്നത് വിസ്മയകരമായ നേട്ടമാണ്.
അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുങ്ങുകയാണ്. ഇതിനകം 13 ജില്ലകളിൽ ഈ സംവിധാനം സജ്ജമായിക്കഴിഞ്ഞു. AIയുടെ സഹായത്തോടെയുള്ള ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇടുക്കിയിലും പത്തനംതിട്ടയിലും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചതിനൊപ്പം സർക്കാർ മേഖലയിലെ ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ 478-ൽ നിന്നും 1090 ആയി വർദ്ധിപ്പിച്ചു. ഇത്തരത്തിൽ ആധുനിക ചികിത്സാ രീതികളും ജനകീയ പങ്കാളിത്തവും സമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ആർദ്രം മിഷനിലൂടെ സാധിച്ചു.