കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ആരോ​ഗ്യവകുപ്പ് നടപ്പിലാക്കുന്ന  “കാരുണ്യ സ്പർശം - സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്”പദ്ധതിയ്ക്ക് തുടക്കം. അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാകും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലെ ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്’ പ്രത്യേക കൗണ്ടർ വഴി ഉയർന്ന വിലയുള്ള കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. കാരുണ്യ ഫാർമസികളിലൂടെ വിതരണം ചെയ്യുന്ന 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ്  കുറഞ്ഞ വിലയ്ക്ക് നൽകുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. 

രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിക്കൊണ്ടും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുമാകും ഈ കൗണ്ടറുകൾ പ്രവർത്തിക്കുക. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. വിപണിയിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്ന് 93 ശതമാനം വിലക്കുറവിൽ 11,892 രൂപയ്ക്ക് രോഗികൾക്ക് ലഭിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യത്തെ സീറോ പ്രോഫിറ്റ് പ്രത്യേക കൗണ്ടർ ആരംഭിച്ചത്‌. വിപണി വിലയിൽ നിന്ന് 10 മുതൽ 93 ശതമാനം വരെ വിലക്കുറവിൽ കാരുണ്യ ഫാർമസിയിലൂടെ എണ്ണായിരത്തിൽപ്പരം ബ്രാൻഡഡ് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. നിലവിൽ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തിക്കുന്നു. ഇവയിൽ ഏഴെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. ഏറ്റവും വിലകുറച്ചാണ് കാരുണ്യ ഫാർമസികൾ വഴി മരുന്നുകൾ നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്.

കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പർശം.  കാൻസർ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകൾ വഴി  ലഭ്യമാക്കുന്നതിലൂടെ സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ സർക്കാർ നടത്തുന്ന  നിർണായക ഇടപെടലാകും പുതിയ പദ്ധതി.  കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസകരമാകും.   

മരുന്നുകൾ ലഭിക്കുന്ന കാരുണ്യ ഫാർമസികൾ

1. തിരുവനന്തപുരം മെഡിക്കൽ കോളേജ്
2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
3. പത്തനംതിട്ട ജനറൽ ആശുപത്രി
4. ആലപ്പുഴ മെഡിക്കൽ കോളേജ്
5. കോട്ടയം മെഡിക്കൽ കോളേജ്
6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
7. എറണാകുളം മെഡിക്കൽ കോളേജ്
8. തൃശൂർ മെഡിക്കൽ കോളേജ്
9. പാലക്കാട് ജില്ലാ ആശുപത്രി
10. മലപ്പുറം തിരൂർ ജില്ലാ ആശുപത്രി
11. കോഴിക്കോട് മെഡിക്കൽ കോളേജ്
12. മാനന്തവാടി ജില്ലാ ആശുപത്രി
13. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്
14. കാസർഗോഡ് ജനറൽ ആശുപത്രി

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-30 14:46:53

ലേഖനം നമ്പർ: 1502

sitelisthead