നഗരങ്ങളിലുള്ളവർക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പ് വരുത്തുന്നതിന്  ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ‍ജ്ജമാകുന്നു. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാ​ഗമായി പ്രവർത്തനം തുടങ്ങുന്നത്. ഇതിൽ 194 ആരോ​ഗ്യകേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായി.  സംസ്ഥാനത്ത് നിലവില്‍ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴില്‍ മൂന്നു വീതവും മറ്റ് പ്രദേശങ്ങളില്‍ രണ്ട് വീതവും 93 നഗരങ്ങളിലാണ്  നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുണ്ട്. ഒരു ഡോക്ടര്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാര്‍ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ ആഴ്ചയില്‍ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 8 മണി വരെ സേവനങ്ങള്‍ ലഭ്യമാകും.

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ മുഴുവന്‍ ജീവനക്കാരും അതാത് പ്രദേശത്തെ ആരോഗ്യ അനുബന്ധ വിഷയങ്ങളില്‍ ഇടപെടുകയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യും. ആരോഗ്യ വകുപ്പില്‍ നിന്നും ബന്ധപ്പെട്ട നഗരസഭയുടെ അധികാരികളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. പകര്‍ച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും ഈ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-17 15:28:50

ലേഖനം നമ്പർ: 1314

sitelisthead