ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിന്റെ വിവിധ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി 'സുരക്ഷ' സോഫ്റ്റ്വെയർ സംവിധാനം നിലവിൽ വന്നു. വിവിധ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും പൊതുജനങ്ങളിലെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയത്. ceisuraksha.ceikerala.gov.in. വഴി, ഉപയോക്താക്കൾക്ക് അപേക്ഷകൾ നൽകാനും അപേക്ഷയുടെ പുരോഗതി വിലയിരുത്താനും സാധിക്കും. ഇലക്ട്രിക്കൽ സ്കീം അപ്രൂവൽ, പ്രതിഷ്ഠാപനങ്ങളുടെ ഊർജ്ജീകരണ അനുമതി, അഡ്വൈസ് അപ്രൂവൽ, ലൈൻ ക്ലിയറൻസിനുള്ള സർട്ടിഫിക്കറ്റ്, ഇലക്ട്രിക്കൽ ഇൻസ്റ്റാലേഷനുകൾക്കുള്ള മൂല്യനിർണയം, സോയിൽ റെസിസ്റ്റിവിറ്റി സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങൾക്കായുള്ള അപേക്ഷകൾ നിലവിൽ പോർട്ടലിലൂടെ നൽകാം.
ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിന് ഉപയോക്താക്കൾ സുരക്ഷ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനായും ഓഫ്ലൈനായും ഫീസടയ്ക്കുന്നതിനുള്ള സംവിധാനം പോർട്ടലിലുണ്ട്. അനുബന്ധ രേഖകൾ സഹിതം ഓൺലൈനിൽ അപേക്ഷ നൽകിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് അതത് ഓഫീസുകളിൽ നൽകണം. അപേക്ഷയുടെ തത്സ്ഥിതിയും ഓൺലൈനിൽ അറിയാം. എല്ലാത്തരം അനുമതികളും സർട്ടിഫിക്കറ്റുകളും വകുപ്പ് ഉദ്യോഗസ്ഥരുടെ ഇൻസ്പെക്ഷനുശേഷം ഓൺലൈനിൽ തന്നെ ലഭ്യമാക്കും. അപേക്ഷകൾ വേഗത്തിൽ സമർപ്പിക്കാനും പ്രോസസ്സിംഗ് സമയം കുറയ്ക്കാനും മൊത്തത്തിലുള്ള സേവന നിലവാരം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് വകുപ്പ് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-05 10:31:02
ലേഖനം നമ്പർ: 1439