ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന്  ഭക്ഷ്യ സുരക്ഷാ നടത്തിവരുന്ന എല്ലാ ഓപ്പറേഷനുകളും  ഒരു കുടകീഴിലാക്കി  'ഓപ്പറേഷൻ ലൈഫ്' നിലവിൽ വന്നു.  ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ   ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ എന്നിങ്ങനെ വിവിധ ഓപ്പറേഷനുകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിവരുന്നത്.  സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഉൾക്കൊണ്ട്   'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന  എന്ന ലക്ഷ്യത്തോടെയാണ്  വകുപ്പ്  വിപുലമായ  പരിശോധനകൾക്കായി 'ഓപ്പറേഷൻ ലൈഫ്' രൂപീകരിച്ചത്.

ഭക്ഷ്യ സുരക്ഷക്ക് അതീവ പ്രാധാന്യം നൽകി വിവിധ പ്രവർത്തനങ്ങളാണ്  വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.
സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുക ,രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകുക,  ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെ  കർശന നടപടി സ്വീകരിക്കുക എന്നിവയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 65,432 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തുകയും  4.05 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു റെക്കോർഡ് നേട്ടമാണ് ഈ മേഖലയിൽ കൈവരിച്ചത്. 

ഉപഭോക്‌തൃ സൗഹൃദപരമായി  ഭക്ഷ്യ സുരക്ഷാ പരിശോധനകളെല്ലാം ഓണ്‍ലൈനാക്കി.  ഭക്ഷണം വിളമ്പുന്നവരുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി ഹെൽത്ത് കാർഡ്,. കെ.എം.എസ്.സി.എൽ. വഴി കുറഞ്ഞ വിലയ്ക്ക് ടൈഫോയിഡ് വാക്‌സിൻ, പൊതു ആരോഗ്യ സുരക്ഷക്കായി പച്ചമുട്ട ചേർത്ത മയോണൈസ് നിരോധനം , സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരണം എന്നിവയെല്ലാം ഭക്ഷ്യസുരക്ഷാ മേഖലയിൽ വകുപ്പ് നടത്തിയ  സുപ്രധാന ചുവടുവെപ്പുകൾ ആയിരുന്നു. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ, ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പ് തുടങ്ങിയ ഡിജിറ്റൽ സംരംഭങ്ങളും  പരിശോധകൾക്കായി എൻ.എ.ബി.എൽ. ലാബ്, മൈക്രോബയോളജി ലാബുകൾ തുടങ്ങിയവയും  ആരംഭിച്ചു. സ്ട്രീറ്റ് ഫുഡിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി 'ക്ലീൻ സ്ട്രീറ്റ് ഫുഡ്' പദ്ധതി ഭക്ഷ്യ സുരക്ഷ മേഖലയിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങളാണ് .

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-18 12:31:30

ലേഖനം നമ്പർ: 1414

sitelisthead