സുസ്ഥിര കാർഷിക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ആഗോള വാണിജ്യ മേഖലയിലേക്ക് ചുവടുവെച്ച് സഹകരണവകുപ്പ്. കേരളത്തിന്റെ തനത് കാർഷിക ഉൽപന്നങ്ങൾക്കു വിദേശ രാജ്യങ്ങളിൽ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് സർക്കാർ ഇടപെടലിലൂടെ സഹകരണ സ്ഥാപനങ്ങളുടെ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ കയറ്റുമതി നടത്തുന്നത്.  

ആദ്യഘട്ടമായി മൂന്നു സഹകരണ സംഘങ്ങളുടെ മൂല്യവർധിത കാർഷിക ഉല്പന്നങ്ങളാണ് അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നത്.എറണാകുളം ജില്ലയിലെ വാരപ്പെട്ടി സഹകരണ സംഘം, കോഴിക്കോട് ജില്ലയിലെ കാക്കൂർ സഹകരണ സംഘം, ഇടുക്കി ജില്ലയിലെ  തങ്കമണി സഹകരണ സംഘം എന്നീ  സൊസൈറ്റികളിൽ നിന്നാണ് ആദ്യ മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾ വിദേശ വിപണിയിലെത്തുന്നത്. വാരപ്പെട്ടി സഹകരണ സംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, കാക്കൂർ സഹകരണ സംഘത്തിന്റെ ശീതീകരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി എന്നിവയടക്കം 12 ടൺ ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ കൊച്ചിയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. 

ഗുണനിലവാരമുള്ള മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ സംസ്‌കരിച്ച് കയറ്റുമതിക്കായി തയാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണ്  കേരളത്തിൽ നിന്നും തിരഞ്ഞെടുത്തത്. അടുത്ത ഘട്ടത്തിൽ ഈ 30 സഹകരണ സ്ഥാപനങ്ങളുടെയും ഉൽപന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണു ലക്ഷ്യം. ഇത് കൂടാതെ വിദേശത്തേക്കു കയറ്റുമതി ചെയ്യാൻ മൂല്യവർധിത കാർഷിക ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാൻ നാനൂറോളം സഹകരണ സംഘങ്ങൾ സജ്ജമായിട്ടുണ്ട്. ഏറമല സഹകരണ സംഘത്തിന്റെ തേങ്ങാപ്പാൽ, മറയൂർ ശർക്കര, മാങ്കുളം ഫാഷൻ ഫ്രൂട്ട്, അഞ്ചരക്കണ്ടി സഹകരണ സംഘത്തിന്റെ മൂല്യവർധിത ഉല്പന്നങ്ങൾ, തേങ്ങാപ്പാൽ, വെളിച്ചെണ്ണ, ആലങ്ങാടൻ ശർക്കര എന്നിവയും അടുത്ത ഘട്ടത്തിൽ കയറ്റുമതി ചെയ്യും. ക്വാളിറ്റി കെയർ ടെസ്റ്റ് വിജയിക്കുന്നതിന് അനുസരിച്ച് മറ്റ് സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങളും കയറ്റുമതി ചെയ്യും. 420 ഉല്പന്നങ്ങൾ സഹകരണ സംഘങ്ങൾ നിലവിൽ വിപണിയിലിറക്കുന്നുണ്ട്. സമീപ ഭാവിയിൽ  ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ബ്രിട്ടൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യും. കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ ഉത്പാദനം, സമാഹരണം, സംഭരണം, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കൽ, വിപണനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി. 

മൂല്യവർധിത കാർഷിക ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാൻ സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുന്നതിന് അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് നബാർഡിന്റെ സഹായത്തോടെ കേരള ബാങ്ക് പ്രാഥമിക സംഘങ്ങൾക്ക് ഒരു ശതമാനം പലിശയ്ക്ക് 2 കോടി രൂപ വരെ 7 വർഷക്കാലയിൽ വായ്പ നൽകുന്നുണ്ട്. സർക്കാർ സബ്സിഡിയോടെയാണിത്. ഗോഡൗൺ നിർമ്മിക്കുന്നതിനും മൂല്യവർധിത ഉല്പന്നങ്ങൾക്കു ശീതികരണ സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണ് 2 കോടി രൂപ വീതം നൽകുന്നത്. കയറ്റുമതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചിയിൽ ഒരു ഓഫീസ് ആരംഭിക്കും. കോതമംഗലം ആസ്ഥാനമായുള്ള മഠത്തിൽ എക്സ്പോർട്ടേഴ്സിനാണ് ഉൽപന്നങ്ങൾ വിദേശ വിപണിയിൽ എത്തിക്കാൻ ചുമതല നൽകിയിരിക്കുന്നത്. ഇന്റർനാഷണൽ ഷിപ്പിങ് സി & എഫ് ഏജന്റ്സായ മൾട്ടി ഡയമെൻഷൽ ഫ്രൈറ്റ് എൽഎൽപി(എംഡിഎഫ്) ആണ് ഷിപ്പിങ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. 

കാർഷിക ഉൽപന്നങ്ങൾ  വിദേശവിപണിയിലേക്ക് എത്തിക്കുന്നത് വഴി നിരവധി  തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം മൂല്യവർധിത ഉല്ന്നങ്ങൾക്ക് ആഭ്യന്തര വിപണിയിലുള്ള നല്ല മാർക്കറ്റ് ഉപയോഗിച്ച് സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലേക്ക് സമഗ്ര സംഭാവന നൽകുന്നതിന് സഹകരണ മേഖലയെ സഹായിക്കുകയും ചെയ്യും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-26 11:16:04

ലേഖനം നമ്പർ: 1430

sitelisthead