റോഡ് സുരക്ഷയിൽ മികച്ച  മാതൃക വിഭാവനം ചെയ്ത്  ഉന്നത  നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയെന്ന  ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്കൂൾ സംസ്ഥാനത്ത്  പ്രവർത്തനമാരംഭിച്ചു. ഡ്രൈവിംഗ് സ്‌കൂളുകളുടെ ആദ്യ ഘട്ടം തിരുവനന്തപുരത്ത്  ആനയറയിലെ സ്വിഫ്റ്റ് അസ്ഥാനത്താണ് പ്രവർത്തനസജ്ജമായത്.  ഹെവിമോട്ടോർവെഹിക്കിൾ ലൈസൻസ്, ലൈറ്റ് മോട്ടോർവെഹിക്കിൾ ലൈസൻസ്, ടൂവീലർ ലൈസൻസ്, ടൂവീലർ വിത്തൗട്ട് ഗിയർ ലൈസൻസ് എന്നിവയിൽ മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരീശിലനമാണ് കെ.എസ്.ആർ.ടി.സി നൽകുന്നത്. കെ എസ് ആർ ടി സിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനമടക്കം ഡ്രൈവിംഗ് സ്‌കൂളുകൾക്കായി വിനിയോഗിക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 

കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് പരിശീലനത്തിൽ, പ്രായോഗിക ക്ലാസുകളോടൊപ്പം വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള തിയറി ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട് . ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക. പരിശീലന ഫീസ്, സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കിലാണ് ഈടാക്കുന്നത്.ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും, ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി  കുറഞ്ഞ നിരക്കിലും, ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പൂർണ്ണമായും സൗജന്യത്തിലും പരിശീലനം ലഭ്യമാക്കുന്നുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌ക്കർഷിച്ചിട്ടുള്ള അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ മാതൃകയിലാണ് പരീശീലനം നടത്തുന്നത്. കൃത്യമായ ഷെഡ്യൂൾ അനുസരിച്ച് നടപ്പിലാക്കുന്ന ഈ പരിശീലനം, കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകളിൽ ആയിരിക്കും നടത്തപ്പെടുക. കെഎസ്ആർടിസിയിലെ ഡ്രൈവർമാർക്ക് മുമ്പ് പരിശീലനം നൽകിയിരുന്നവരാണ് ഈ ഡ്രൈവിംഗ് സ്‌കൂളുകളിൽ പരിശീലകരായി നിയമിതരായിരിക്കുന്നത്. സ്ത്രീകൾക്കായി, വനിതാ പരിശീലകരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

ആധുനിക സംവിധാനങ്ങളോടെ ആരംഭിച്ച  ഡ്രൈവിങ്  സ്കൂളുകളിൽ  ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. മികച്ച പാഠ്യപദ്ധതി സ്‌കൂളിനായി തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 22 ഇടങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാല, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നി 14 ഇടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക. ഡ്രൈവിങ് ടെസ്റ്റുകളുടെ കാര്യക്ഷമത അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും സുതാര്യമാക്കുന്നതിനും പുതിയ പരിശീലന പദ്ധതി സഹായിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-26 18:00:42

ലേഖനം നമ്പർ: 1433

sitelisthead