അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിലുറപ്പാക്കാൻ 'ഒരു വാർഡിൽ ഒരാൾക്ക്‌ തൊഴിൽ'  പദ്ധതിയുമായി കേരള നോളജ്‌ എക്കോണമി മിഷൻ.  എല്ലാ ജില്ലകളിലെയും തൊഴിലന്വേഷകരെ വാർഡ് അംഗങ്ങൾ, കമ്യൂണിറ്റി അംബാസഡർമാർ എന്നിവർ വഴി കണ്ടെത്തി അവരുടെ ആവശ്യങ്ങളും സാഹചര്യങ്ങളും പഠിച്ച്‌ യോജിക്കുന്ന തൊഴിലൊരുക്കാനാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. 2026നകം 20 ലക്ഷംപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  പ്രദേശിക അടിസ്ഥാനത്തിൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തി, തൊഴിലന്വേഷകരുടെ ആവശ്യങ്ങൾക്കും യോഗ്യതകൾക്കും അനുയോജ്യമായ തൊഴിൽ നൽകാൻ പദ്ധതി സഹായിക്കും.

പദ്ധതി നടപ്പാക്കുന്നതിലൂടെ തൊഴിലന്വേഷകർ നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും മറ്റും സൂക്ഷ്‌മമായി പഠിക്കാനും  പരിമിതി പരിഹരിക്കാനും പുതിയ സാധിക്കും. തൊഴിലന്വേഷകരുടെ വിവരശേഖരണത്തിനായി വാർഡ് അംഗങ്ങൾ, കമ്യൂണിറ്റി അംബാസഡർമാർ എന്നിവർക്ക്  ഗൂഗിൾ ഫോം നൽകും.10ാം ക്ലാസ്‌ മുതൽ വിദ്യാഭ്യാസയോ​ഗ്യതയുള്ളവർക്കാണ് അവസരം നൽകുന്നത്. 100 ബാച്ച്‌ വീതം പരിശീലനം നൽകിയാണ്‌ പഞ്ചായത്ത്‌ തലത്തിൽ പ്ലേസ്‌മെന്റ്‌ ഡ്രൈവുകൾ നടത്തുക.  പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട്‌ ജില്ലയിലാണ് നടപ്പാക്കുന്നത്. അടുത്തഘട്ടത്തിൽ മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കോഴിക്കോട് ജില്ലയിൽ നടത്തുന്ന പ്ലേസ്‌മെന്റ്‌ ഡ്രൈവുകൾക്ക് ശേഷം ആഗസ്‌ത്‌ 31നകം നിയമനം നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-11 16:45:28

ലേഖനം നമ്പർ: 1451

sitelisthead