വിഴിഞ്ഞം തുറമുഖത്തെ തൊഴില്‍ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്നത് ലക്ഷ്യമിട്ട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വിഴിഞ്ഞത്ത് പ്രവര്‍ത്തന സജ്ജമായി. മികവുറ്റതും നൂതനവുമായ തൊഴില്‍ പരിശീലനമാണ് ഇവിടെ ഒരുക്കുന്നത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വോക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET)ന്റെ ഡ്യൂവല്‍ റെക്കഗ്‌നിഷന്‍ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതനനൈപുണ്യ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചു നൈപുണി വിടവ് (സ്‌കില്‍ ഗ്യാപ്) നികത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ വികസന പ്രവര്‍ത്തങ്ങള്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുക, ലോകോത്തര നിലവാരമുള്ള നൈപുണ്യ കോഴ്‌സുകളിലേക്ക് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് വഴി തുറക്കുക, ആഗോള തലത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജോലിസാധ്യതകള്‍ യുവാക്കള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് സ്‌കില്‍ പാര്‍ക്ക് ലക്ഷ്യം വയ്ക്കുന്നത്. 

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന നൈപുണ്യ പരിശീലനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാകും വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്. തുറമുഖരംഗത്ത് കൂടുതല്‍ തൊഴില്‍ നേടാന്‍ ആവശ്യമായ നൈപുണ്യ കോഴ്സുകള്‍ ഇവിടെ ലഭ്യമാക്കും. അതോടൊപ്പം അസാപ് കേരള നടത്തുന്ന വിവിധ നൈപുണ്യ കോഴ്സുകളും, സര്‍ക്കാരിന്റെ മറ്റു പരിശീലന പരിപാടികളും വിഴിഞ്ഞം സ്‌കില്‍ പാര്‍ക്കില്‍ ഉണ്ടായിരിക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടാനനുതകുന്ന ഭാഷ കോഴ്സുകള്‍ അസാപ് വഴി നല്‍കും.

തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യാര്‍ത്ഥം ഹോസ്റ്റല്‍ സൗകര്യവും സ്‌കില്‍ പാര്‍ക്കിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. 18 കോടി 20 ലക്ഷം രൂപ ചെലവില്‍ രണ്ടു നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ സ്‌കില്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 16,387 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നാലു നിലകളിലാണ് ഹോസ്റ്റല്‍ ബ്ലോക്ക്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ക്കായി ലോക്കര്‍ സൗകര്യമുള്ള ചെയിഞ്ചിങ് മുറികള്‍, മീറ്റിംഗ് റൂമുകള്‍, പ്രത്യേക സെര്‍വര്‍ റൂമോടുകൂടിയ ഐ.ടി ലാബ് സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

ഭിന്നശേഷിസൗഹൃദമായാണ്  സ്‌കില്‍ പാര്‍ക്ക്. ലിഫ്റ്റ്, ഭിന്നശേഷിക്കാര്‍ക്കായുള്ള ടോയ്ലറ്റ് സൗകര്യം, കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ടൈലുകള്‍ എന്നിവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒന്നര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള  മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാന്‍ ഫില്‍റ്റര്‍ സംവിധാനവും  സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി 20 കെഎല്‍ഡി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനുള്ള കോഴ്‌സ്, ഫിറ്റ്‌നസ് ട്രെയ്‌നിങ്, മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹെയര്‍ സ്‌റ്റൈലിങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ബ്യൂട്ടി തെറാപ്പിസ്റ്റ്, തയ്യല്‍ എന്നീ നൈപുണ്യ വികസന കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-18 15:41:44

ലേഖനം നമ്പർ: 1418

sitelisthead