സംസ്ഥാനത്തുടനീളമുള്ള എഞ്ചിനീയറിംഗ്, ഫാർമസി കോളേജുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാനതല പ്രവേശന പരീക്ഷയായ കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷ (KEAM)  ഈ വര്‍ഷം മുതല്‍  ഓണ്‍ലൈനായി നടത്തും. ജൂൺ അഞ്ചു മുതൽ പത്തു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സർക്കാർ / സ്വാശ്രയ / സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. ഏകദേശം 1,13,447 വിദ്യാർഥികൾ പരീക്ഷയെഴുതും. സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. ഓൺലൈൻ സംവിധാനത്തിലൂടെ, ഡിജിറ്റൽ വിദ്യയുടെ മുഴുവൻ സാധ്യതകളും  പ്രയോജനപ്പെടുത്തി കൊണ്ട് പരീക്ഷയും മൂല്യനിർണയവും സുഗമവും കാര്യക്ഷമവുമാവുകയാണ്. 

കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ്‌ സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല എന്നീ സർവകലാശാലകളെല്ലാം കീം പരീക്ഷ മുഖേനെയാണ് അവരുടെ പ്രൊഫഷനൽ കോഴ്‍സുകളിലേക്ക്‌ പ്രവേശനം നൽകുന്നത്‌. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടപ്പിലാക്കുന്നത്. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതൽ കമ്പ്യൂട്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു. നോഡൽ ഓഫീസർക്കായിരിക്കും ജില്ലകളിലെ മേൽനോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോർഡിനേറ്റർമാരും നിരീക്ഷകരും ഉണ്ടായിരിക്കും.

പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ രാവിലെ 11.30ന് പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. 1.30നു ശേഷം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കില്ല. 1.45ന് വിദ്യാര്‍ഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനുട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും, ടൈമര്‍ സീറോയില്‍ എത്തുമ്പോള്‍ പരീക്ഷ ആരംഭിക്കും. ബി ഫാം പ്രവേശനത്തിനുള്ള വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം അഡ്മിറ്റ് കാര്‍ഡില്‍ പരമാര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി നിര്‍ബന്ധമായും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍: 0471-2525300.

പരീക്ഷാ കേന്ദ്രങ്ങളിലെ സെർവറുകൾ ഉൾപ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും. ദുബായ് കേന്ദ്രത്തിൽ ജൂൺ 6നും മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂൺ അഞ്ചിനും പരീക്ഷ തുടങ്ങും. ബിഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂൺ 10 ന് ആയിരിക്കും. സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കും. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-11 14:47:47

ലേഖനം നമ്പർ: 1412

sitelisthead