ഇന്റര്‍നെറ്റ് പൗരാവകാശമാക്കി വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്ക് ചുവടുവെച്ച് കേരളം. സമഗ്ര സാമൂഹ്യ മുന്നേറ്റത്തിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ബൃഹദ് പദ്ധതിയായ കെ-ഫോണ്‍ യാഥാര്‍ഥ്യമായി. ഇതോടെ സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. ഡിജിറ്റല്‍ സമത്വത്തിലേക്കുള്ള ചുവടുവെയ്പും 'ആഗോള കേരള'ത്തിനുള്ള അടിത്തറയുമാണ് കെ -ഫോണ്‍ പദ്ധതി. 

സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000ത്തോളം ഓഫീസുകളിലും ലഭ്യമാക്കും. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിന് ഉതകുന്ന കെ-ഫോണ്‍ പദ്ധതി ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ ആവശ്യമേഖകളില്‍ ഗ്രാമ നഗരവ്യത്യാസങ്ങളില്ലാതെ സേവനം ലഭ്യമാക്കുമെന്നു മാത്രമല്ല ഇ-ഗവേണ്‍സിന്റെ നേട്ടങ്ങള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളില്‍ എത്തിക്കുന്നതിന് സഹായകമാവും.

പദ്ധതിയുടെ 1-ാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ള 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 26,542 ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. ഇവയെ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. നിലവില്‍ 17,284 സര്‍ക്കാര്‍ ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. 140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.നിലവില്‍ 997 വീടുകളില്‍ കെ-ഫോണ്‍ സേവനം ലഭ്യമാക്കി.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും, കെ-ഫോണ്‍ സേവനം സൗജന്യമാണ്. ഓരോ മണ്ഡലത്തിലെയും നൂറു വീതം വീടുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. പൊതുജനങ്ങള്‍ക്കായി 2000 ഫ്രീ വൈ ഫൈ സ്‌പോട്ടും , സര്‍ക്കാര്‍ ഓഫീസിലെത്തുന്നവര്‍ക്ക് മിതമായ നിരക്കിലുള്ള വൈ ഫൈ നെറ്റുവര്‍ക്കും സജ്ജമാക്കും.ഏകദേശം 14000 റേഷന്‍ കട, 2000 സപ്ലൈകോ ഔട്ട്‌ലെറ്റ്, കേരളബാങ്ക് എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കണക്ഷന്‍ എത്തിക്കും. ഭൂമിശാസ്ത്രപരമായ തടസങ്ങളെയെല്ലാം തരണം ചെയ്ത് കേരളത്തിന്റെ മലയോര മേഖലകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വയനാട്ടില്‍ ആയിരത്തിലധികം കിലോമീറ്റര്‍ കേബിള്‍ വലിച്ചാണ് ഓഫീസുകളും സ്‌കൂളുകളും ഉള്‍പ്പെടെ എഴുനൂറോളം കേന്ദ്രങ്ങളില്‍ കണക്ഷന്‍ ലഭ്യമാക്കിയത്. 
 
selfcare.kfon.co.in -ലൂടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ബന്ധപ്പെട്ട ഓഫീസുകള്‍ കെ-ഫോണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പുതിയതായി ഉള്‍പ്പെടുത്തുന്നതിനും സാധിക്കും. 7594049980, 04842911970 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടും കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോടെ സേവനങ്ങള്‍ പേപ്പര്‍രഹിതവും വേഗത്തിലും ലഭ്യമാകും.

ഇ-കൊമേഴ്സ് സൗകര്യങ്ങള്‍ വഴി വിപണനം നടത്താന്‍  സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗ്രാമങ്ങളിലെ സംരംഭകര്‍ക്കും കെ-ഫോണ്‍ നെറ്റ്വര്‍ക്ക് ലഭ്യമാകുന്നതോട് കൂടി സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കും. കെ.എസ്.ഇ.ബിയുടെ വിതരണ-അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നത്. കേരളത്തിന്റെ തൊഴില്‍, വിദ്യാഭ്യാസ സാമൂഹിക, ആരോഗ്യ രംഗങ്ങളെ ഏറെ സ്വാധീനിക്കുന്നതാണ് കെ-ഫോണ്‍ പദ്ധതി. പദ്ധതി ഉയര്‍ന്ന പഠന  നിലവാരം, തൊഴില്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് വളരെയധികം പ്രയോജനകരമാകും. ആധുനിക കാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സമത്വത്തിലൂന്നി വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെയ്പാണ് കെ ഫോണ്‍.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-10-09 11:29:17

ലേഖനം നമ്പർ: 1083

sitelisthead