രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമമുറപ്പാക്കാൻ ക്ഷേമനിധി ബോർഡുമായി കേരളം. പഠന സഹായം, പെൻഷൻ, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ചികിത്സ സഹായം, ആരോഗ്യ ഇൻഷുറൻസ്‌, മരണാനന്തര സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. 26 ലക്ഷം തൊഴിലാളികൾക്ക്‌ ക്ഷേമനിധിയുടെ ഗുണഫലം ലഭ്യമാകും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളികളും അയ്യൻകാളി നഗര തൊഴിലുറപ്പ്‌ തൊഴിലാളികളും ക്ഷേമനിധിയിലുണ്ടാകും.

അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവരുമായവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം. 18 വയസ് പൂർത്തിയായ തൊഴിലാളികൾക്ക്‌ ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. 55 വയസ്സുവരെ ക്ഷേമനിധി വിഹിതമടയ്‌ക്കാം. 60 വയസാകുന്നതോടെ മിനിമം പെൻഷൻ ഉറപ്പാകും. ഉയർന്ന പ്രായപരിധിയില്ലാത്തതിനാൽ 60 പിന്നിട്ടവർക്കും തൊഴിലെടുക്കാം. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന ₹ 50 അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി ക്ഷേമനിധിയിലേക്ക് നൽകും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെൻഷനും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.

60 വയസ് പൂർത്തിയായിട്ടുളളതും 60 വയസ് വരെ തുടർച്ചയായി അംശദായം അടച്ചിട്ടുളളതുമായി അംഗങ്ങൾക്ക് പെൻഷൻ,10 വർഷത്തിൽ കുറയാത്ത കാലത്തേക്ക് അംശദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാൽ കുടുംബപെൻഷൻ, അസുഖം അല്ലെങ്കിൽ അപകടം മൂലം ഒരംഗം മരണപ്പെട്ടാൽ സാമ്പത്തിക സഹായം, അംഗഭംഗം അല്ലെങ്കിൽ അവശതമൂലം തൊഴിൽ ചെയ്യാൻ കഴിയാതെ നിധിയിലെ അംഗത്വം അവസാനിപ്പിക്കേണ്ടിവന്നാൽ അംഗം അടച്ച അംശദായതുക നിർദേശിക്കപ്പെട്ട പലിശ സഹിതം തിരികെ ലഭ്യമാകും. ഗുരുതര രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം, വനിത അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹം, അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം, അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കും. തദ്ദേശസ്വയംഭരണ കീഴിലാകും ബോർഡിന്റെ പ്രവർത്തനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-15 15:22:51

ലേഖനം നമ്പർ: 897

sitelisthead