പരിസ്ഥിതിയെ അവ​ഗണിച്ചുകൊണ്ടുള്ള വികസനത്തിന് നിലനിൽപ്പില്ലെന്ന തിരിച്ചറിവിലാണ് ലോകം. പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഇന്നുള്ളത്. പ്രകൃതിയെയും കാലാവസ്ഥാ മാറ്റത്തെയും പരി​ഗണിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ടൂറിസം ഉൾപ്പെടെ എല്ലാ മേഖലകളിലും ആവശ്യം.  ‘ടൂറിസവും ഹരിതനിക്ഷേപവും’ എന്ന ലോക ടൂറിസം ദിനത്തിന്റെ ഈ വർഷത്തെ പ്രമേയത്തോടു ചേർന്നു നിൽക്കുന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന വിനോദസഞ്ചാര കാഴ്ചപ്പാട്. മനുഷ്യർക്കും ഭൂമിക്കും ജീവനോപാധിക്കുംവേണ്ടി കൂടുതൽ മെച്ചപ്പെട്ട ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളുടെ ആവശ്യകതയാണ് ലോക വിനോദസഞ്ചാര ദിനത്തിൽ യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ എടുത്തുപറയുന്നത്. ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനമുള്ള കേരളം കാലാനുസൃതവും ഭാവി വികസനം ലക്ഷ്യമിട്ടുള്ളതുമായ നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. സുരക്ഷിത ടൂറിസത്തിനുള്ള പദ്ധതികൾ, നൂതന ഉത്പന്നങ്ങൾ, പുതിയ പദ്ധതികൾ, ഡെസ്റ്റിനേഷനുകളുടെ പ്രൗഢി വർധിപ്പിക്കൽ തുടങ്ങി ചെറുതും വലുതുമായ പല പദ്ധതികളും കേരളം നടപ്പാക്കുകയും അതിൽ മിക്കതിനും ദേശീയ- അന്തർദേശീയ അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിൽ ഏറ്റവും പുതിയ അം​ഗീകാരമാണ് കാന്തല്ലൂരിൽ നടപ്പാക്കിയ സ്ട്രീറ്റ് പദ്ധതിക്ക് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് ലഭിച്ചത് . 

അനുഭവവേദ്യ വിനോദസഞ്ചാരം

ഏതു കാലാവസ്ഥയിലും ടൂറിസം പ്രവർത്തനത്തിന് അനുയോജ്യമായ പ്രദേശമാണ് കേരളം. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടൂറിസം ഉൽപ്പന്നങ്ങളും ആകർഷണങ്ങളുമാണ് സഞ്ചാരികൾക്കായി വകുപ്പ് രൂപപ്പെടുത്തുന്നത്. മികച്ച കാലാവസ്ഥ, പരിസ്ഥിതി അനുകൂല ഘടകങ്ങൾ, പച്ചപ്പ്, ശുദ്ധവായു എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി പ്രകൃതിയോട് കൂടുതൽ ഇണങ്ങിയുള്ള അനുഭവവേദ്യ വിനോദസഞ്ചാരത്തിനാണ് കേരളം മുൻഗണന നൽകുന്നത്. ഓരോ പ്രദേശത്തിന്റേയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകൾ സജ്ജീകരിക്കുന്ന സ്ട്രീറ്റ് പദ്ധതി  വിനോദ സഞ്ചാരമേഖലയെ ജനകീയവത്ക്കരിക്കുന്നതിനും അനുഭവവേദ്യ ടൂറിസത്തിൻറെ നവ്യാനുഭവങ്ങൾ സമ്മാനിക്കുന്നതും ലക്ഷ്യമിട്ട് രൂപം നൽകിയ പദ്ധതിയാണ്. നാടിൻറെ തനിമ സഞ്ചാരികൾക്ക് പകർന്നു നൽകുന്ന പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാർദ്ദമായ ടൂറിസം സംസ്‌ക്കാരത്തിലേക്ക് നാടിനെ കൈപിടിച്ച് ഉയർത്തുകയാണ് ലക്ഷ്യം.‌

ഡെസ്റ്റിനേഷൻ ടൂറിസം 
 
കേരളീയ ഗ്രാമങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകുന്നുവെന്നതാണ് ടൂറിസം രം​ഗത്തെ ഏറ്റവും പുതിയ പ്രവണത. ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക, സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ട് ടൂറിസത്തിനായി പ്രയോജനപ്പെടുത്തുകയും പ്രദേശവാസികളെ കൂടി അതിൽ പ​ങ്കാളികളാക്കുകയും ചെയ്യുന്നതിലൂടെ ഈ മേഖല കൂടുതൽ ജനകീയവും പരിസ്ഥിതി സൗഹൃദവുമായി മാറുന്നു. സ്ത്രീകളുൾപ്പെടെയുള്ള ഗ്രാമീണജനതയ്ക്ക് തൊഴിലവസരവും വരുമാനവും സാധ്യമാകുന്നു. പ്രാദേശികജനതയ്ക്ക് ജീവിക്കാൻ പറ്റിയ രീതിയിലും പുറത്തുള്ളവർക്ക് സന്ദർശിക്കാൻ പറ്റിയ രീതിയിലും അതതു സ്ഥലത്തിന്റെ പാരിസ്ഥിതിക സാധ്യതകൾ നശിക്കാതെ സൂക്ഷിക്കണം. ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളായി സമീപകാലത്ത്‌ ഉയർന്നുവന്ന നിരവധി ഗ്രാമങ്ങളുണ്ട്. ഇവയെല്ലാം പ്രാധാന്യം നൽകുന്നത് അനുഭവവേദ്യ ടൂറിസം പ്രവർത്തനങ്ങളാണ്. യുഎൻഡബ്ല്യുടിഒയുടെ ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ കോട്ടയം മറവൻതുരുത്ത് പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു. 

ടൂറിസം വികസനം തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യനിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള ഉപാധിയായി സ്വീകരിച്ച് പ്രാദേശിക സുസ്ഥിര വികസനത്തിന് ഉപയുക്തമാക്കുകയെന്ന വിശാലമായ കാഴ്ചപ്പാടാണ് കേരള ടൂറിസം മുന്നോട്ടുവയ്ക്കുന്നത്. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന, മാലിന്യ വിമുക്ത ടൂറിസം കേന്ദ്രങ്ങൾ എന്ന ലക്ഷ്യമാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളെ ഗ്രീൻ സർട്ടിഫൈഡ് ആക്കിയിട്ടുമുണ്ട്.

ഡെസ്റ്റിനേഷൻ വെഡ്ഡിങ്

വിനോദസഞ്ചാരരം​ഗത്തെ ഏറ്റവും പുതിയ പ്രവണതയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്. കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വെഡ്ഡിങ് ഡെസ്റ്റിനേഷനുകളായി മാറിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ 100-ൽ താഴെ മാത്രമായിരുന്നു ഇത്തരം കല്യാണങ്ങൾ നടന്നിരുന്നത്. എന്നാൽ, ഇപ്പോൾ 300-400 ഡെസ്റ്റിനേഷൻ കല്യാണങ്ങളാണ് ഒരു വർഷം നടക്കുന്നത്. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഡെസ്റ്റിനേഷൻ കല്യാണങ്ങളുടെ പ്രധാന കേന്ദ്രം. വയനാട്, മൂന്നാർ പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നവരുമുണ്ട്.   വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടെ ആകർഷിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-29 15:11:19

ലേഖനം നമ്പർ: 1190

sitelisthead