സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത നിർദ്ദേശങ്ങൾ,  ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, പദ്ധതികൾ തുടങ്ങി പൊതുജനആരോഗ്യ സുരക്ഷ  ഉറപ്പാക്കുന്നതിന്  സമഗ്ര പ്രവർത്തനങ്ങളുമായി  വിവിധ സർക്കാർ വകുപ്പുകൾ.  36 മുതൽ  37 ഡിഗ്രി വരെയാണ് സംസ്ഥാനത്ത് നിലവിലെ ഉയർന്ന താപനില , വിവിധ മേഖലകളിൽ ഭൂപ്രകൃതിയും , കാലാവസ്ഥയും അടിസ്ഥാനമാക്കി താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.  ഉയർന്ന ചൂട്   സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ് , തദ്ദേശസ്വയംഭരണ വകുപ്പ്  തുടങ്ങിയ  വകുപ്പുകൾ  വിശദമായ ജാ​ഗ്രതാ നിർദ്ദേ​ശങ്ങളും ആരോഗ്യ സംരക്ഷണത്തിൽ പൊതുജങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ :  ദുരന്ത നിവാരണ അതോറിറ്റി

ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, മുതിർന്നവർ, തൊഴിലാളികൾ , കർഷകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ദൈനം ദിന ജീവിതത്തിലും ജോലിസ്ഥലങ്ങളിലും പാലിക്കേണ്ട വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ  ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട് .

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

 ശുദ്ധജലം കുടിക്കുക,  നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.

കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക പാദരക്ഷകൾ ഉപയോഗിക്കുക 

 പഴങ്ങൾ  പച്ചക്കറികൾ,  ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തുക 

വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം കാട്ടു തീ  ജാഗ്രത പാലിക്കുക 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

 കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. 

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കുക 

 കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

 മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. 

 ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. 

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടുത്തം ഒഴിവാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ : തദ്ദേശസ്വയംഭരണ വകുപ്പ് 

അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ തീപിടുത്തം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും സ്ഥാപനങ്ങളിൽ സ്ഥാപിക്കേണ്ട  സുരക്ഷാ സജ്ജീകരണങ്ങളും നിർദ്ദേശിച്ചു കൊണ്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിൽ ഉണ്ടായിരിക്കേണ്ട അഗ്നി സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് വിശദമായ 19 ചെക്ക്ലിസ്റ്റുകൾ മാർഗ്ഗ നിർദ്ദേശങ്ങളിൽ അടങ്ങിയിട്ടുണ്ട്.  സ്ഥാപനങ്ങളിലെ അടിസ്ഥാന  സൗകര്യങ്ങൾ , അഗ്നിസുരക്ഷാ സംവിധാനങ്ങൾ , നൈപുണ്യമുള്ള മാനവശേഷി , സാങ്കേതിക സംവിധാനങ്ങൾ എന്നിവ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഈ ഇനിഷ്യേറ്റീവ് സഹായിക്കും.   

ഓരോ ഡംപ് സൈറ്റുകളിലും  മാലിന്യ സംഭരണ കേന്ദ്രങ്ങളിലും നിർബന്ധമായും സ്ഥാപിച്ചിരിക്കേണ്ട  സംവിധാനങ്ങളായ    സിസിടിവി സംവിധാനം, ഫയർ എക്സ്റ്റിംഗ്യൂഷർ, വാട്ടർ ടാങ്ക് , വൈദ്യതി ലഭ്യത , ഇലക്ട്രിക്ക് ജനറേറ്റർ, ഗതാഗത സൗകര്യം, ജീവൻ സുരക്ഷ ഉപകരണങ്ങൾ, വിസിറ്റേഴ്സ് രജിസ്റ്റർ,  ആവശ്യമായ മാനവശേഷി, അതോറിറ്റികളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ, അപ്ഡേറ്റഡ് ആയ വെബ്സൈറ്റ്,  ദുരന്ത നിവാരണ നൈപുണ്യമുള്ള  തൊഴിലാളികൾ, എനർജി റെസ്പോൻസ് ടീം , പൊലീസ് നിരീക്ഷണം , ബീറ്റ് ചാർട്ടിൽ  ഉൾപ്പെടുത്തുക  , മാലിന്യ നിക്ഷേപം തടയുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ  ഉണ്ടെന്നു ഉറപ്പു വരുത്തിയ ചെക്ക് ലിസ്റ്റ്  ഫെബ്രുവരി 29 നകം ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. ഇതുകൂടാതെ മാലിന്യ സംഭരണ കേന്ദ്രങ്ങളും  ഡംപ് സൈറ്റുകളും    സന്ദർശിച്ച്  അഗ്നി സുരക്ഷ  വിലയിരുത്തൽ നടത്തുന്നതിന് അതാതു  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഫയർ ഓഡിറ്റ് ടീമിനെ വിന്യസിക്കും. 

വാട്ടർബെൽ പദ്ധതി: വിദ്യാഭ്യാസ വകുപ്പ് 

സംസ്ഥാനത്ത്  താപനില ഉയർന്ന സാഹചര്യത്തിൽ  സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു.    ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ  ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ട സാഹചര്യം  കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം നടപ്പാക്കിയത് . ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും. വെള്ളം വീട്ടിൽ നിന്നുംകൊണ്ട് വരാത്ത വിദ്യാർഥികൾക്കായി സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-16 17:05:48

ലേഖനം നമ്പർ: 1347

sitelisthead