ഒരു വർഷം ഏകദേശം 25 ലക്ഷം ടൺ മാലിന്യമാണ് കേരളത്തിൽ ഉണ്ടാകുന്നത്. ഇതിൽ 69% ജൈവമാലിന്യവും 31% അജൈവ മാലിന്യവുമാണ്. ജൈവമാലിന്യത്തിന്റെ 70 ശതമാനവും ഈർപ്പമുള്ളതാണ്. അജൈവമാലിന്യത്തിൽ ജ്വലനശേഷിയുള്ളവ 79.2 ശതമാനമാണ്. നഗരങ്ങളിലെ വീടുകളിൽ തന്നെ മാലിന്യപരിപാലന പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ കഴിയണം. നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് സീറോ വേസ്റ്റ് കേരളമെന്ന ലക്ഷ്യത്തിനായി നടപ്പിലാക്കി വരുന്നത്. 

ഹരിതകർമസേനയിലൂടെ ക്‌ളീനാകുന്ന കേരളം 

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നതാണ് ഹരിതകർമസേന. പാഴ്വസ്തുക്കൾ ശേഖരിക്കുക, അതത് കേന്ദ്രങ്ങളിൽ എത്തിക്കുക, തരംതിരിക്കുക, സംസ്കരിക്കുക, പുനഃചംക്രമണം നടത്തുക തുടങ്ങി എല്ലാ പ്രവൃത്തികളും സ്ത്രീകളുടെ കൂട്ടായ്മയായ ഹരിതകർമസേന ഏറ്റെടുത്ത് നടത്തുന്നു. തദ്ദേശഭരണസ്ഥാപനങ്ങളും ശുചിത്വമിഷനുമായി സഹകരിച്ചാണ് സേനയുടെ പ്രവർത്തനങ്ങൾ. അജൈവ പാഴ്വസ്തുക്കളുടെ ശേഖരണത്തിലും സംസ്കരണത്തിലുമാണ് സേന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്താകെ 1018 ഹരിതകർമസേന യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഇതിൽ ഗ്രാമീണ മേഖലയിൽ 926 യൂണിറ്റും നഗര മേഖലയിൽ 92 യൂണിറ്റും പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലയിൽ 23,546 സ്ത്രീകളും നഗര മേഖലയിൽ 4,678 സ്ത്രീകളും സേനയുടെ ഭാഗമാണ്.

മാലിന്യസംസ്കരണത്തെറിച്ചുള്ള കൃത്യമായ ബോധ്യം ജനങ്ങൾക്ക് പകർന്നു നൽകുക, വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാൻ കഴിയുന്ന കംപോസ്റ്റിങ്ങ് സംവിധാനങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകുക, ഉറവിടസംസ്കരണത്തിന് ആവശ്യമായ ഉപകരണങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കുക, കലണ്ടർ പ്രകാരം അജൈവ പാഴ്വസ്തുക്കളുടെ വാതിൽപ്പടി ശേഖരണം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഹരിതകർമസേന ഫലപ്രദമായി ചെയ്തുവരുന്നു.

ജൈവമാലിന്യസംസ്കരണത്തിൽ വീടുകൾക്ക് ഹരിതകർമസേന മാർഗനിർദേശം നൽകുന്നു. ഉറവിടമാലിന്യസംസ്കരണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സേവനം ലഭ്യമാണ്. ഇതിന് ആവശ്യമെങ്കിൽ, ഹരിതസഹായ സ്ഥാപനത്തിന്റെ സഹായം ഉറപ്പാക്കുന്നതും സേനയുടെ ചുമതലയാണ്. പാഴ്വസ്തുക്കളിൽനിന്ന് പുത്തൻ ഉത്പന്നങ്ങൾ നിർമിക്കുന്ന ഹരിതസംരംഭങ്ങൾക്ക് തുടക്കം കുറിച്ച് നവീന വരുമാന സാധ്യതയും തേടുന്നു. ജൈവകൃഷി, പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ നിർമാണം, പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾ വാടകക്ക് നൽകുക തുടങ്ങിയ പ്രവൃത്തികളും സേന ചെയ്ത് വരുന്നു. 

സുസ്ഥിരമാലിന്യസംസ്കരണം ലക്ഷ്യമിട്ട് ഹരിതകർമസേന നടത്തുന്ന പ്രവർത്തനങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലും ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ എന്നിവയുടെ മേൽനോട്ടത്തിലുമാണ് മുന്നോട്ട് പോകുന്നത്. ഒരു വാർഡിൽ കുറഞ്ഞത് 2 
സേനാംഗങ്ങളെങ്കിലും ഉണ്ട്. ഓരോ അംഗവും 250 ഓളം വീടുകളിൽ നിന്ന് വാതിൽപ്പടി അജൈവ പാഴ് വസ്തുശേഖരണം നടത്തുന്നു. 
വീടുകളിൽ വൃത്തിയായി സൂക്ഷിച്ചിട്ടുള്ള അജൈവ പാഴ്വസ്തുക്കളാണ് കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്നത്. സേവനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച യൂസർഫീ ഈടാക്കുന്നുണ്ട്. ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ മിനി മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്ന് മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഇവിടുന്നു മാലിന്യം തരംതിരിക്കും. എൽ.ഇ.ഡി. ബൾബ്, ട്യൂബ്, പി.വി.സി. സ്റ്റീൽ, ചില്ലുകുപ്പികൾ, കുപ്പിയുടെ അടപ്പുകൾ, സ്പ്രേ കുപ്പികൾ തുടങ്ങി പാഴ്വസ്തുക്കളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കും. പുനരുപയോഗം സാധ്യമാവുന്ന പ്ലാസ്റ്റിക് മാലിന്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത് ഉപയോഗിക്കുന്ന കമ്പനികൾക്ക് കൈമാറും. പുനഃചംക്രമണത്തിനുതകുന്ന പ്ലാസ്റ്റിക് മാലിന്യം ഷ്രെഡ്ഡിങ്ങ് യൂണിറ്റുകളിൽ എത്തിച്ചാണ് ചെറുതരികളാക്കുന്നത്. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് മാലിന്യം റിസോഴ്സ് റിക്കവറി കേന്ദ്രത്തിലേക്ക് അയക്കുകയും ഇത് ചെറുതരികളാക്കി റോഡുനിർമാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇതുവഴി ഇത്തരം പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണം സാധ്യമാക്കുന്നു.

ഡിജിറ്റൽ മാലിന്യസംസ്കരണം

ഹരിതകർമസേനയുടെ വാതിൽപ്പടി ശേഖരണം ഉൾപ്പെടെയുള്ള സേവനങ്ങളുടെ കൃത്യമായ മേൽനോട്ടം ഉറപ്പാക്കുന്നതിനായി ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്ന് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററി് സിസ്റ്റം അഥവ ഹരിതമിത്രം ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന സേനയുടെ പ്രവർത്തനം, സേനാംഗങ്ങളുടെ സേവനം ലഭ്യമാകുന്ന വീടുകളുടേയും സ്ഥാപനങ്ങളുടേയും എണ്ണം, ശേഖരിച്ച പാഴ് വസ്തുക്കളുടെ അളവ്, എം.സി.എഫി.ൽ തരംതിരിക്കുന്നവയുടെ അളവ്, ഓരോ എം.സി.എഫ്/ആർ.ആർ.എഫുകളിലും സംഭരിച്ച് സൂക്ഷിക്കുന്നവയുടേയും നീക്കം ചെയ്യുന്നവയുടെയും അളവ്, ലഭിക്കുന്ന യൂസർ ഫീ തുക, ശേഖരിച്ച പാഴ്വസ്തുക്കൾ ഇനം തിരിച്ച് വിൽപനയിലൂടെ ലഭിക്കുന്ന തുക തുടങ്ങിയ വിശദാംശങ്ങൾ ആപ്പിലൂടെ ലഭ്യമാകും. വാർഡ്തലം മുതൽ സംസ്ഥാനതലം വരെ ഹരിതമിത്രം പ്ലാറ്റ്ഫോമിന് കീഴിൽ ഏകോപിപ്പിക്കുന്നു. 

ആപ്പിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള വെബ് പോർട്ടൽ മാലിന്യസംസ്കരണ സേവനങ്ങൾ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ആപ്പിൽ നൽകിയിരിക്കുന്ന പ്രത്യേക മൊഡ്യൂൾ വഴി പൊതുജനങ്ങൾക്ക് വിവരങ്ങൾ മനസ്സിലാക്കുക, പോരായ്മകൾ ചൂണ്ടിക്കാട്ടുക, പരാതികൾ രേഖപ്പെടുത്തുക തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. തദ്ദേശവാർഡുകളിൽ നിന്ന് തുടങ്ങി സംസ്ഥാനതലം വരെയുള്ള തത്സമയ വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് പ്രാദേശികമായ മലിനീകരണ പ്രശ്നങ്ങൾ ആപ്പ് വഴി അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കാം. 

2 ഘട്ടങ്ങളായാണ് തദ്ദേശസ്വയംഭരണ തലത്തിൽ ആപ്പ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾ 4 കോർപ്പറേഷനുകൾ, 59 മുൻസിപ്പാലിറ്റികൾ, 313 ഗ്രാമപഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 376 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പൂർത്തീകരണ ഘട്ടത്തിലാണ്. വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പതിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ് ആദ്യനടപടി. ഇതിൽ പകുതിയോളം സ്ഥലങ്ങളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തിയുള്ള പാഴ്വസ്തു ശേഖരണം തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കേരളം മുഴുവൻ പാഴ്വസ്തുശേഖരണസേവനം ഈ രീതിയിലേക്ക് മാറും. ശുചിത്വമിഷനും ഹരിതകേരളം മിഷനും പദ്ധതിക്ക് മേൽനോട്ടം വഹിക്കും. 

നവകേരളം കർമ പദ്ധതി

കാലാവസ്ഥ വ്യതിയാനം, പകർച്ചവ്യാധി വ്യാപനം, ആരോഗ്യപ്രശ്നങ്ങൾ എന്നിവക്ക് കാരണമാകാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ച് സാധ്യമായ രീതികളിലെല്ലാം പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുന്നതിന് നവകേരളം രണ്ടാംഘട്ടം മുൻഗണന നൽകുന്നു. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഖരമാലിന്യ സമാഹരണവും സംസ്കരണവും നൂറ് ശതമാനത്തിലെത്തിക്കാനുള്ള പ്രവർത്തനമാന് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 42 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശുചിത്വപദവി നേടി. അയ്യായിരത്തോളം ഓഫീസുകൾ ഹരിതചട്ടം പാലിച്ച് ഗ്രീൻ ഓഫീസുകളായി. അജൈവമാലിന്യം വാതിൽപ്പടി ശേഖരിക്കുന്ന വീടുകളുടെ എണ്ണത്തിൽ ഒരു ലക്ഷത്തോളം വർധനയുണ്ടായി. 

വലിച്ചെറിയൽ മുക്ത കേരളം കാമ്പയിൻ

ഗാർഹിക, ബയോമെഡിക്കൽ/സാനിറ്ററി മാലിന്യപരിപാലനം, കോഴി അറവുമാലിന്യ പരിപാലനം, കെട്ടിടനിർമാണം, പൊളിക്കൽ മാലിന്യപരിപാലനം, പരമ്പരാഗത മാലിന്യൂമ്പാരങ്ങളുടെ നിർമ്മാർജ്ജനം, ജലാശയങ്ങളിൽ ഒഴുകിനടക്കുന്ന ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതി എന്നീമേഖലകളിലും പ്രവർത്തനം വ്യാപകമാക്കി. ടൂറിസം മേഖലയിലും ക്രിയാത്മക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ക്ലീൻ മൂന്നാർ ഗ്രീൻ മൂന്നാർ, ശംഖുംമുഖം കടൽത്തീര ശുചീകരണം എന്നിവ ഇതിൽ പ്രധാനം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ കാമ്പയിനായി വലിച്ചെറിയൽ മുക്ത കേരളം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഖരമാലിന്യ ശേഖരണം, സംഭരണ സംവിധാനം ഉറപ്പാക്കി 4 ഘട്ടങ്ങളിലാണ് കാമ്പയിൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കേരള ഖരമാലിന്യ പരിപാലന പദ്ധതി

കേരളത്തിലെ ആകെ നഗര ഖരമാലിന്യ ഉത്പാദനം പ്രതിവർഷം 3.7 ദശലക്ഷം ടൺ ആണ്. ഇതിൽ ഓരോ സിറ്റി കോർപ്പറേഷനും ഉത്പാദിപ്പിക്കുന്നത് പ്രതിദിനം ശരാശരി 1415 ടൺ ആണ്. ദിനംപ്രതി 4523 ടൺ നഗരസഭകളിലും 4106 ടൺ 941 ഗ്രാമ പഞ്ചായത്തുകളിലുമാണ്. മൊത്തം അറവ് മാലിന്യം വർഷത്തിൽ 38100 ടണ്ണും ആശുപത്രി മാലിന്യം 83000 ടണ്ണും 71058 ടൺ വ്യവസായങ്ങളിൽ നിന്നുള്ള മാലിന്യവുമാണ്. ഏകദേശം 827 ടൺ തലമുടിയും കേരളത്തിൽ നിന്നും വർഷത്തിൽ ഉണ്ടാകുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 2030 ഓടെ 90 ശതമാനത്തിൽ കൂടുതൽ നഗരവത്ക്കരിക്കപ്പെട്ട പ്രദേശമായി കേരളം മാറും. നഗരഗ്രാമങ്ങൾക്കിടയിൽ കൃത്യമായ വേർതിരിവില്ലാത്തതിനാൽ മാലിന്യപ്രശ്നം കേരളത്തിന്റെയാകെ പ്രശ്നമായി മാറുന്നു. മാലിന്യം ഗുരുതരമായ സാമൂഹിക, ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെങ്കിലും സാമ്പത്തിക അവസരങ്ങളും പുതിയ സാധ്യതകളും സൃഷ്ടിക്കുന്നതുമാണ്. 

സ്ഥാനത്തെ 93 നഗരസഭകളിലും, ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയോടെ 2400 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്നതാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. സംസ്ഥാനത്തെ നഗരസഭകളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പദ്ധതി. 2021-ൽ ആരംഭിച്ച പദ്ധതിയുടെ കാലാവധി 6 വർഷമാണ്. പദ്ധതി കാലയളവ് 6 വർഷമാണെങ്കിലും 25 വർഷം മുന്നിൽകണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 

നമ്മുടെ നഗരങ്ങൾ പ്രതിവർഷം 2.2 ദശലക്ഷം ടൺ ഖരമാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെയും അവ സംസ്കരിക്കുന്നതിന്റെയും അനുപാതത്തിൽ വലിയ അന്തരം നിലവിലുണ്ട്. 

നഗരസഭാപരിധികളിൽ നിലവിലെ ഖരമാലിന്യ സംസ്കരണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തികസഹായം നൽകുന്നതിനൊപ്പം നയരൂപീകരണം, സാങ്കേതികപിന്തുണ, അധിക മാനവവിഭവശേഷി, ജീവനക്കാരുടെ പരിശീലനത്തിനും ശേഷി വർധിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ എന്നിവ ലഭ്യമാക്കും. ഖരമാലിന്യങ്ങൾ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും പദ്ധതി ഉറപ്പാക്കുന്നു.

നഗരസഭ പരിധിയിൽ വരുന്ന എല്ലാവീടുകളും സ്ഥാപനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇവിടങ്ങളിൽ നിന്ന് ജൈവ-അജൈവ മാലിന്യങ്ങൾ, നിർമാണവും പൊളിച്ചുമാറ്റലും മൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ എന്നിവയടക്കം എല്ലാത്തരം മാലിന്യങ്ങളുടെയും ശേഖരണവും സംസ്കരണവും ഉറപ്പാകും. മാലിന്യം തരംതിരിക്കൽ, ശേഖരണം, കൈമാറ്റം, ജൈവ, അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം നിർമാർജ്ജനം എന്നിവ മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കും.

നഗരങ്ങളിൽ പദ്ധതിയുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവപ്രൊഫഷണലുകളെ നിയമിക്കും. കോർറേഷനുകളിൽ 2 വീതവും മുനിസിപ്പാലിറ്റികളിൽ 1 വീതവും ആളുകളെയാണ് നിയോഗിക്കുക. ബിടെക്/ എം ബി എ/ എം എസ്  ഡബ്ളിയു യോഗ്യതയുള്ള 99 പേരെ ഇങ്ങനെ നിയമിക്കും. ഇതോടൊപ്പം ശുചിത്വമിഷനിൽ ഡോക്യൂമെന്റേഷൻ സ്പെഷ്യലിസ്റ്റിനെയും നിയോഗിക്കും. എല്ലാ നിയമനങ്ങളും 3 വർഷത്തേക്കായിരിക്കും. നഗരസഭകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് മാലിന്യ-ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിക്കുക. 

കൊല്ലം കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും സുൽത്താൻ ബത്തേരി നഗരത്തിൽ നടപ്പിലാക്കിയ നഗരത്തിൽ തുപ്പുന്നതിനുള്ള വിലക്കും വൃത്തിയുള്ള കേരളത്തിനായുള്ള മാതൃകാപരമായ പ്രവർത്തനമാണ്. 

ഇന്ത്യയിൽ ആദ്യമായി മാലിന്യത്തിൽ നിന്ന് മുക്തമായ റാംസർ സൈറ്റ്

സംസ്ഥാനത്തെ പരമ്പരാഗത മാലിന്യകേന്ദ്രങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ വൃത്തിയാക്കി ആ ഭൂമി വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ (കെഎസ്ഡബ്ല്യുഎംപി) ആരംഭിച്ചു. വർഷങ്ങൾ പഴക്കമുള്ളതും ദോഷകരവുമായ മിശ്രമാലിന്യങ്ങളുടെ കൂമ്പാരങ്ങൾ വൃത്തിയാക്കുന്നതിനു കൊല്ലം കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ അനുകരണീയ മാതൃകയാണ്. 5.5 ഏക്കറോളം വ്യാപിച്ചുകിടന്നിരുന്നതായിരുന്നു ഇവിടുത്തെ മാലിന്യം. ഏകദേശം 70 വർഷത്തോളം പഴക്കമുണ്ടായിരുന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് തദ്ദേശവാസികൾ പതിറ്റാണ്ടുകളായി സമരപോരാട്ടത്തിലുമായിരുന്നു. 2012 വരെ പ്രതിഷേധം തുടർന്നു. തുടർന്ന് ഡിപ്പോയുടെ പ്രവർത്തനം നിലച്ചുവെങ്കിലും മാലിന്യം അവശേഷിച്ചു. റാംസർ സൈറ്റ് ആയ (യുനെസ്‌കോയുടെ അന്തർദേശീയ പാരിസ്ഥിതിക ഉടമ്പടിയായ റാംസർ ഉടമ്പടി പ്രകാരമുള്ള പ്രദേശം) അഷ്ടമുടിക്കായലിനരികിൽ സ്ഥിതി ചെയ്തിരുന്ന ഈ മാലിന്യനിക്ഷേപകേന്ദ്രം വലിയ പാരിസ്ഥിതിക ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്. ദ്രവരൂപത്തിലുള്ള മലിനാംശങ്ങൾ കാരണം ജലാശയങ്ങളും കിണറുകളും മലിനമാകുകയും ഇത് രൂക്ഷമായ കുടിവെള്ളപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. സമീപവാസികൾ നേരിട്ട ആരോഗ്യപ്രശ്നങ്ങളും അനവധിയായിരുന്നു. 

ഡിപ്പോയിലെ 1.04 ലക്ഷം ക്യുബിക് മീറ്റർ പരമ്പരാഗത മാലിന്യം നീക്കം ചെയ്യുന്നതിനുള്ള പദ്ധതി 2022 ജനുവരി 24 നാണു ആരംഭിച്ചത്. ഇവിടുത്തെ മുഴുവൻ മിശ്രമാലിന്യക്കൂമ്പാരങ്ങളും പൂർണമായും നീക്കം ചെയ്ത് ഭൂമി ഇപ്പോൾ വീണ്ടെടുത്തിരിക്കയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു റാംസർ സൈറ്റിലെ പരമ്പരാഗതമാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുന്നത്. പരിസ്ഥിതിസൗഹൃദമാർഗങ്ങളിലൂടെ മാലിന്യങ്ങളെ വിവിധ ഘടകങ്ങളായി വേർതിരിച്ച് വെവ്വേറെ സംസ്കരിക്കുന്ന ബയോമൈനിങ്ങ് സാങ്കേതികവിദ്യയാണ് കുരീപ്പുഴയിൽ നടപ്പിലാക്കിയത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഖരമാലിന്യ സംസ്കരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്കനുസൃതമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും കൊല്ലം കോർപ്പറേഷനിലെ എൻജിനീയറിങ്ങ് ആരോഗ്യ വകുപ്പുകളുടെയും നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ.

 ഒരു ഘന മീറ്റർ മാലിന്യം സംസ്കരിക്കാൻ ഏകദേശം 1130 രൂപയോളമാണ് ചെലവ് വന്നത്. റെഫ്യൂസ് ഡെൈറവ്ഡ് ഫ്യുവൽ (ആർഡിഎഫ്) മാലിന്യങ്ങൾ, വിവിധതരം മണ്ണ്, കല്ല്, ലോഹങ്ങൾ, ഗ്ലാസ്, ടയറുകൾ, മരം, ബാഗുകൾ, ചെരുപ്പുകൾ, പേനകൾ, കോൺക്രീറ്റ് മാലിന്യങ്ങൾ, ഇ-മാലിന്യം തുടങ്ങിയവയാണ് കൂമ്പാരത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. വേർതിരിച്ചെടുത്ത ആർഡിഎഫ് സിമന്റ്ഫാക്ടറികളിലെ ചൂളകളിൽ ഉപയോഗിക്കുന്നു. പ്രകൃതിദത്ത ഇന്ധനങ്ങളായ കരി, വിറക് എന്നിവയ്ക്ക് പകരമായും ഇത് ഉപയോഗിക്കുന്നുണ്ട്.


വൃത്തിയുള്ള സുൽത്താൻ ബത്തേരി 

നഗരയിടങ്ങളിലെ പൊതുസ്ഥലത്ത് തുപ്പുന്നതിന് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏക നഗരമാണ് സുൽത്താൻ ബത്തേരി. റോഡിൽ തുപ്പിയാൽ 500 രൂപയാണ് പിഴ. നിയമലംഘനത്തിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നഗരസഭ കർശനമായി പിഴ ഈടാക്കും. മുറുക്കാൻകടകൾക്കും നിയമാവലി അനുസരിച്ച് മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ സാധിക്കുക. കടയുടെ 50 മീറ്റർ ചുറ്റളവിൽ മുറുക്കിത്തുപ്പിയത് ശ്രദ്ധയിൽപ്പെട്ടാൽ കടയുടമ പിഴ അടയ്ക്കേണ്ടി വരും. സംസ്ഥാന മുൻസിപ്പൽ ആക്ട് 341 പ്രകാരമാണ് നിയമം നടപ്പാക്കുന്നത്. 

മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ നിയമങ്ങൾ 

മാലിന്യമുക്തവും വൃത്തിയുള്ളതുമായ ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുഛേദ പ്രകാരമുള്ള മൗലികാവകാശം തന്നെയായിരിക്കെ ആ സാഹചര്യം സൃഷ്ടിക്കുന്നതിനു ശക്തമായ നിയമങ്ങളും നിലവിലുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 14-ാം അധ്യായം പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന പ്രവൃത്തികളെക്കുറിച്ചും അവയിൽ ഏർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷയെ സംബന്ധിച്ചും വ്യക്തമായി വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഇവ പ്രധാനമായും 268, 269, 270, 277, 278, 284, 291 എന്നീ വകുപ്പുകളിലാണ് ഉൾപ്പെടുന്നത്. 

ഖരമാലിന്യ പരിപാലനചട്ടങ്ങൾ പ്രകാരം കുറ്റകരമായ പ്രവൃത്തികൾ 

1. ഖരമാലിന്യം തരംതിരിച്ചു സൂക്ഷിക്കാതെയും തദ്ദേശസ്വയംഭരണ സ്ഥാപനം നിർദേശിക്കുംപ്രകാരം അല്ലാതെ ഉപേക്ഷിക്കുകയും ചെയ്യുക. 

2. വ്യാപാരകേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാതിരിക്കൽ.

3. ഖരമാലിന്യം കത്തിക്കൽ, വലിച്ചെറിയൽ. 

4. ഗേറ്റഡ് കോളനികൾ, സ്ഥാപനങ്ങൾ ഇവയിൽ മാലിന്യസംസ്കരണസംവിധാനം ഒരുക്കാതിരിക്കൽ.

5. ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ ഇവയിൽ മാലിന്യസംസ്കരണ സംവിധാനം ഒരുക്കാതിരിക്കൽ. 

6. മാലിന്യം പൊതുസ്ഥലത്ത് ഇടുന്നത്. 

7. ജലാശയങ്ങൾ, ജലസ്രോതസ്സുകൾ, ജലവിതരണ സംവിധാനങ്ങൾ മലിനപ്പെടുത്തുന്ന വിധം മാലിന്യം നിക്ഷേപിക്കലോ ഒഴുക്കിക്കളയലോ ചെയ്യൽ.
 
8. നിക്ഷേപിക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തല്ലാതെ ഇറച്ചി മാലിന്യം കുഴിച്ചിടുക, ഒഴുക്കിവിടുക. 


പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ 15 ദിവസത്തിനകം പിഴയൊടുക്കണം. ഇത് ചെയ്യാത്ത പക്ഷം, നിയമനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയുണ്ട്. നിയമം പാലിക്കാത്തതിന് 5 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്ന ശിക്ഷയോ ലഭിക്കാം. 

അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതുമൂലം അസുഖം പടർന്നുപിടിക്കുന്ന സ്ഥിതിയുണ്ടായാൽ 6 മാസം വരെ തടവോ പിഴയോ അതല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ലഭിക്കാം. 

മറ്റുള്ളവർക്ക് ഹാനികരമാകുമെന്ന ബോധ്യത്തോടെ തന്നെ മാലിന്യം വലിച്ചെറിഞ്ഞ് സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുന്നതിന് ഇടയാക്കിയാൽ 2 വർഷം തടവോ പിഴയോ അതല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷയോ ലഭിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-27 13:52:24

ലേഖനം നമ്പർ: 943

sitelisthead