നിരവധി തൊഴിലാളിസൗഹൃദ വികസനങ്ങൾക്കും ചരിത്ര നേട്ടങ്ങൾക്കും  കേരളത്തിന്റെ കയർവ്യവസായരംഗം സാക്ഷ്യം വഹിക്കുകയാണ്.
കാലങ്ങളായുള്ള വേതനത്തിലെ പോരായ്മകളും ആയിരകണക്കിന് പേർ തൊഴിലെടുക്കുന്ന കയർ വ്യവസായത്തിലെ പ്രതിസന്ധികളും പരിഹരിച്ചു കയർ വ്യവസായ മേഖലയ്ക്ക് ആധുനിക കാലഘട്ടത്തിൽ അതിജീവിയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള പദ്ധതികളും പ്രവർത്തനങ്ങളുമായാണ് കയർ വകുപ്പ് മുന്നോട്ട് പോകുന്നത്. ആധുനിക കാലഘട്ടത്തിനനുസരിച്ച് വിപണി കണ്ടെത്തുകയും തൊഴിലാളികളുടെ വേതനത്തിലെ അപാകതകൾ പരിഷ്‌കരിച്ചു മെച്ചപ്പെട്ട പ്രതിഫലം ലഭ്യമാക്കാനും വകുപ്പ് സജീവമായ ഇടപെടലുകളാുള്ളത്. 4 ലക്ഷത്തിലധികംപേർ കയർ അനുബന്ധമേഖലയിൽ തൊഴിൽ ചെയ്യുന്നതിൽ 80 ശതമാനം സ്ത്രീകളാണ്. വിദേശകൈമാറ്റത്തിലൂടെ 800 കോടി രൂപയിലധികം ഓരോ വർഷവും സംസ്ഥാനത്തിന് നേടിത്തരുന്ന കയർ വ്യവസായത്തിന് അസാധാരണമായ വളർച്ച കൈവരിക്കുന്നതിനുള്ള ശേഷിയുണ്ട്. പരമ്പരാഗത കുടിൽ വ്യവസായമായ കയർ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ദീർഘകാല പദ്ധതികളാണ് സർക്കാർ ആവിഷ്‌ക്കരിച്ചു വരുന്നത്. കയർ വ്യവസായത്തെ കൂടുതൽ ജനകീയമാക്കുവാൻ ഓരോ വീട്ടിലും ഓരോ കയർ ഉത്പ്പന്നങ്ങൾ പോലുള്ള പദ്ധതികൾ ഇതിനോടകം വലിയ വിജയം നേടിയവയാണ്.

60 വർഷക്കാലമായി കയർ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളമായി നിലനിന്നിരുന്ന മൂന്നു രൂപയെന്ന അശാസ്ത്രീയ വേതനത്തെ പൊളിച്ചെഴുതി, പുരുഷ തൊഴിലാളികൾക്ക് 667 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 533 രൂപയും ആയി വർധിപ്പിക്കാൻ വകുപ്പിന് സാധിച്ചു. ഓണത്തിനോടനുബന്ധിച്ച് 321 കയർ സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ 3 കോടി രൂപ രൂപ കയർ വകുപ്പ് മുഖേന വിതരണം ചെയ്തു. കയർ തൊഴിലാളികൾക്കും സംഘങ്ങൾക്കുമുള്ള സഹായങ്ങൾ ഉൾപ്പെടെ 32.5 കോടി രൂപ വിതരണം ചെയ്തു.

കയർ മേഖലയിൽ സർക്കാരിന്റെ ഇൻകം സപ്പോർട്ട് സ്‌കീം പ്രകാരം ഇത്തവണ 12.5 കോടി രൂപയുടെ ധനസഹായം 25,676 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. കയർഫെഡ് വഴി കയർ സംഭരിച്ച വകയിൽ സംഘങ്ങൾക്ക് നൽകാനുണ്ടായിരുന്ന 17.36 കോടി രൂപയിൽ 11 കോടി രൂപയും കയർ വിലയായി കയർ കോർപ്പറേഷന് നൽകാനുണ്ടായിരുന്ന 18 കോടിയിൽ 7 കോടി രൂപയും നൽകി. വിപണി വികസിപ്പിക്കാനുള്ള സഹായമായി 2 കോടി രൂപ ചെലവഴിച്ചു.

2016 - 17 സാമ്പത്തിക വർഷത്തിൽ 7800 ടൺ ആയിരുന്ന കയർ ഉത്പാദനം 2021-22 സാമ്പത്തിക വർഷത്തിൽ 29000 ടൺ ആയി ഉയർന്നു. 6 വർഷംകൊണ്ട് മൂന്നിരട്ടിയിലധികം വളർച്ച ഈ മേഖലയിലുണ്ടായി. കയർ ഉത്പ്പന്നങ്ങളുടെ സംഭരണവും വിൽപ്പനയും 200 കോടിയിലധികമായി. തൊഴിലാളികളുടെ വാർഷിക വരുമാനം 13500 രൂപയായിരുന്നത് 49,000 രൂപയിലേക്ക് ഉയർത്താനും ഇക്കാലയളവിൽ കഴിഞ്ഞു. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സംഘങ്ങളുടെ എണ്ണം നൂറിൽ താഴെയായിരുന്നത് 325 എണ്ണമായി ഉയർത്താനും കയർ വകുപ്പിന് കഴിഞ്ഞട്ടുണ്ട്.

കയർ ഭൂവസ്ത്രം

മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിർത്താനും മണ്ണൊലിപ്പ് തടയാനും വേണ്ടി പ്രകൃതിദത്ത നാരുകൾ നെയ്തോ നെയ്യാതെയോ വലപോലെ കെട്ടി ഉണ്ടാക്കിയെടുക്കുന്നവയാണ് കയർ ഭൂവസ്ത്രം. നല്ല ഗുണനിലവാരമുള്ള കയർ ഭൂവസ്ത്രത്തിലൂടെ മണ്ണിൽ ജലം നിലനിർത്താനുള്ള ശേഷിയും വളക്കൂറും വർദ്ധിപ്പിക്കാനാകും. വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗതകുറച്ച് മണ്ണൊലിപ്പ് തടയുകയും, സ്വന്തം ഭാരത്തിന്റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുകായും ചെയ്യുന്ന കയർ ഭൂവസ്ത്രം മണ്ണിൽ ഈർപ്പം നിലനിർത്തി അന്തരീക്ഷത്തിലെ താപം കുറയ്ക്കുകയും, ലയിച്ച് മണ്ണിൽ ചേരുന്നതിലൂടെ മണ്ണിന് ജൈവാംശം നൽകുകായും ചെയ്യുന്നു. 1200 ദശലക്ഷം ഡോളർ കച്ചവടം പ്രതീക്ഷിക്കുന്ന ആഗോള ഭൂവസ്ത്ര വിപണിയിൽ 500 കോടിയും പ്രകൃതിദത്ത നാരുകൊണ്ടുള്ള ഭൂവസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയിൽ കയറിന് ഗണ്യമായ സ്ഥാനമാണുള്ളത്.

കയർ തടുക്കുകളും ചവിട്ടികളും പരവതാനികളും വീടുകളെയും ഓഫിസ് സ്ഥാപനങ്ങളെയും കൂടുതൽ മനോഹോരമാക്കുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. റബറൈസ്ഡ് കയറുത്പ്പന്നങ്ങൾ, കയർ ടൈലുകൾ, ചകിരിച്ചോറ് എന്നിവയ്ക്ക് ഇന്ന് ധാരാളവും വിപണി സാധ്യതകളാണുള്ളത്. എല്ലാ ഉത്പ്പന്നങ്ങളും ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങളെ മുൻനിർത്തി ഓൺലൈൻ/ഓഫ്ലൈൻ വിപണിയിലും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-14 15:19:45

ലേഖനം നമ്പർ: 749

sitelisthead