കലോത്സവ വിസ്മയം: പ്രവൃത്തി പരിചയ പ്രദർശന വിപണനമേളയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദിയിൽ കരവിരുതിൻ്റെ വിസ്മയമൊരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവൃത്തി പരിചയ പ്രദർശന വിപണനമേള. സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മേള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികളുടെ കരവിരുതുകളെ പ്രാത്സാഹിപ്പിക്കുന്നതിനായാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒഴിവുസമയങ്ങളിൽ അവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുക. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ  സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ സെൻ്ററുകൾ കൂടാതെ സ്കൂൾ ക്ലബ്, സബ്ജില്ലാ ക്ലബ് തുടങ്ങി പ്രവൃത്തി പരിചയ ക്ലബുകളുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഉത്പന്നങ്ങളും പ്രദർശനത്തിനുണ്ട്. വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം കുട്ടികൾക്ക് നൽകും. 

കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നായി പരിസ്ഥിതി സൗഹൃദ ലോഷനായ തണൽ മുതൽ വെജിറ്റബിൾ പ്രിൻ്റുള്ള സാരി വരെയുള്ള വൈവിധ്യമാർന്ന വസ്തുക്കൾ മേളയുടെ ഭാഗമായി പ്രദർശനത്തിനുണ്ട്. സാരിയുടെ തുണിത്തരമനുസരിച്ച്, 1000 മുതൽ 1500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-01-2025

ലേഖനം നമ്പർ: 1623

sitelisthead