സ്‌കൂള്‍ കലോത്സവത്തിൽ കന്നിയങ്കം കുറിച്ച് മംഗലംകളി
63 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍, നിശാഗന്ധി ഓഡിറ്റോറിയത്തിലെ വേദിയായ കബനിയില്‍ കന്നിയങ്കം കുറിച്ച് മംഗലംകളി. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് ആദ്യ മത്സരം സംഘടിപ്പിച്ചത്. കാസര്‍കോട്ടെ ഗോത്രവിഭാഗക്കാരായ മാവിലര്‍, മലവേട്ടുവന്‍ സമുദായക്കാരുടെ നൃത്തമാണ് മംഗലംകളി. ആവേശകരമായ മത്സരമാണ് ടീമുകള്‍ കാഴ്ചവച്ചത്. ആദ്യാങ്കത്തില്‍ തന്നെ വലിയ തോതിലുള്ള ജനപ്രീതിയാണ് മംഗലംകളിക്ക് ലഭിച്ചത്. തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ ആദ്യമായി കലോത്സവത്തില്‍ മത്സരയിനങ്ങളായി ഉള്‍പ്പെടുത്താന്‍ ഇക്കുറി തീരുമാനിച്ചിരുന്നു. ഗോത്ര നൃത്തങ്ങളായ പണിയനൃത്തം, മലപ്പുലയാട്ടം, ഇരുള നൃത്തം, പളിയനൃത്തം എന്നിവയും അടുത്ത ദിവസങ്ങളില്‍ നിശാഗന്ധിയില്‍ ഒരുക്കിയ കബനീ നദി വേദിയില്‍ നടക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-01-2025
ലേഖനം നമ്പർ: 1628