കലകളുടെ സംഗമ വേദിയായി കലോത്സവം: ലോകത്തിനു മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക മാതൃക
കലാവിഷ്‌കാരങ്ങളുടെ വേദി എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം. ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന ഇത്തരം കലോത്സവങ്ങൾ ലോകത്തിനു മുന്നിൽ കേരളം ആവിഷ്‌ക്കരിക്കുന്ന സാംസ്‌കാരിക വികസന മാതൃകയാണ്. ഒരു തലമുറയുടെ മുഴുവൻ സർഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദർശലോകവുമാണ് കലോത്സവങ്ങളിൽ മാറ്റുരയ്ക്കപ്പെടുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതന കലകളുടെയും ക്ലാസിക് കലകളുടെയും സംഗമവേദിയാവുകയാണ് ഈ കലോത്സവം
കലോത്സവ വേദികളിൽ മാറ്റുരച്ച നിരവധി പ്രതിഭകൾ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ പിന്നീട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പഠനപ്രക്രിയയ്ക്കു പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവർത്തനങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാ,കായിക കഴിവുകളുടെയും വ്യക്തിത്വത്തിന്റെ തന്നെയും സർവ്വതല സ്പർശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യമായ ഘടകമാണ് കലാസാഹിത്യ പ്രവർത്തനങ്ങളും ഇത്തരം മേളകളുമൊക്കെ.
അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം വെറുമൊരു മത്സരവേദി മാത്രമല്ല, മറിച്ച് കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും ജനങ്ങളുടെ പുനരുജ്ജീവനത്തിന്റെയും ആഘോഷമാണ്. യുവജനങ്ങളുടെ സമഗ്ര വളർച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം കലാപരമായ ആവിഷ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്.യുവ പ്രതിഭകളെ കേരളത്തിന്റെ സാംസ്‌കാരിക ഭൂപ്രകൃതിയുടെ ഭാവി രൂപപ്പെടുത്തുന്നത്തിന്റെ നിർണായക ചാലകങ്ങളാക്കി മാറ്റാൻ കലോത്സവങ്ങൾക്ക് സാധിക്കും. ഇത് വിദ്യാഭ്യാസത്തിൽ കലയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുക മാത്രമല്ല, ഒരു സമൂഹത്തിന്റെ മൂല്യങ്ങളും സാധ്യതകളും രൂപപ്പെടുത്തുന്നതിൽ സംസ്‌കാരം വഹിക്കുന്ന പ്രധാന പങ്ക് പ്രകടമാക്കുകയും ചെയ്യുന്നു.
(സ്രോതസ്സ്: മുഖ്യമന്ത്രി പിണറായി വിജയൻറെ ഉദ്ഘാടന പ്രസംഗത്തിൽ നിന്നും)
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-01-2025
ലേഖനം നമ്പർ: 1620