തദ്ദേശീയ ഇനങ്ങളുമായി ചരിത്രത്തിലേക്ക് കലോത്സവം 2025

ചരിത്രത്തിൽ ആദ്യമായി സ്‌കൂൾ കലോത്സവങ്ങളിൽ ഗോത്ര കലകളും. അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്‌കൂൾ കലോത്സവ മാനുവൽ സർക്കാർ പരിഷ്‌കരിച്ചിരുന്നു. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), മലപ്പുലയരുടെ ആട്ടം, പളിയരുടെ പളിയ നൃത്തം എന്നീ തദ്ദേശീയനങ്ങൾ ആണ് ഈ വർഷത്തെ കലോത്സവത്തിലൂടെ അരങ്ങുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.

മംഗലംകളി

മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമ്മങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. കല്യാണക്കളി എന്നും ഇത് അറിയ പ്പെടുന്നു. വൃത്താകൃതിയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും ചുവടുവെച്ച് വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നു. തുളുവിലും മലയാളത്തിലുമുള്ള പാട്ടുകളായിരിക്കും മംഗലംകളിയിൽ ഉണ്ടാവുക. ഓരോ പാട്ടിലും ഗോത്രവർഗ്ഗ ജീവിതത്തിന്റെ യഥാർത്ഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതവും കാണാം. തുടിയാണ് പ്രധാന വാദ്യോപകരണം. 

പണിയനൃത്തം

വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്'' കലാരൂപമാണ് പണിയ നൃത്തം. ഇത് വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. 
പണിയർ ഗോത്രത്തിലെ പുരുഷന്മാർ അവതരിപ്പിക്കുന്ന വളരെ പുരുഷത്വമുള്ള നൃത്തമാണ് പണിയർ കളി. കരു, പറ, ഉടുക്ക് തുടങ്ങിയ പ്രാകൃത താളവാദ്യങ്ങൾ നൃത്താവിഷ്‌കാരത്തിൽ ഉപയോഗിക്കുന്നു, നർത്തകർ - ഏകദേശം 8 മുതൽ 10 വരെ എണ്ണം - കൈകൾ പരസ്പരം ബന്ധിപ്പിച്ച് വൃത്താകൃതിയിൽ നിൽക്കുന്നു. അവർ താളാത്മകമായി ചുറ്റുകയും താളവാദ്യങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുകയും ചെയ്യുന്നു. നൃത്തസമയത്ത് ഉയർന്ന പിച്ചിൽ നൃത്തം കൂട്ടുന്ന ആക്കം കാണുന്നതും കലാകാരന്മാർ പ്രത്യേക ശബ്ദം മുഴക്കുന്നതും കാണാൻ രസകരമാണ്. അവ നീങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും, സർക്കിൾ വികസിക്കുകയും നിരവധി തവണ വേഗത്തിൽ ചുരുങ്ങുകയും ചെയ്യുന്നു.വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ കുടിലുകളിൽ വട്ടക്കളി അവതരിക്കപ്പെടാറുണ്ട്.

ഇരുളനൃത്തം

പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമൂഹം അവതരിപ്പിക്കുന്ന നാടൻ കലാരൂപമാണ് ഇരുള നൃത്തം. നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണിത്. കലാകാരന്മാർ തുകൽ, മുള മരം മുതലായവ കൊണ്ട് നിർമ്മിച്ച വാദ്യങ്ങളുടെ താളത്തിൽ നൃത്തം ചെയ്യുന്നു. പശ്ചാത്തല സംഗീതത്തിലെ പ്രധാന ഉപകരണം 'കോഗൽ' (ഒരു തരം കുഴൽ) ആണ്. പഴയ ഭക്തി വിഷയങ്ങളിൽ നിന്നാണ് ഗാനങ്ങൾ ഉരുത്തിരിഞ്ഞത്. ഓരോ പ്രകടനവും ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിൽക്കും. തമിഴും കന്നടയും മലയാളവും കലർന്ന ഭാഷയാണ് പാട്ടുകളുടെ ഭാഷ. അട്ടപ്പാടി ആദിവാസികളുടെ പ്രാദേശിക ദൈവമായ മല്ലീശ്വരനെ ഉണർത്താൻ അവർ നൃത്തം ചെയ്യുന്നു. 15 ഓളം അംഗങ്ങൾ നൃത്തത്തിൽ പങ്കെടുക്കും.ക്ഷേത്രോത്സവങ്ങൾ, കൊയ്ത്തുകാലം, ജനനമരണ ചടങ്ങുകൾ എന്നിവയാണ് 'ഇരുള നൃത്തം' അവതരിപ്പിക്കുന്ന പ്രധാന സന്ദർഭങ്ങൾ. ഗ്രാമങ്ങളിൽ നിന്നുള്ള അംഗങ്ങൾ രാത്രിയിൽ പാട്ടും നൃത്തവുമായി രാവിലെ വരെ ഒത്തുചേരും.

മലപ്പുലയരുടെ ആട്ടം

മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ദിവസമാണ് മലപ്പുലയരുടെ ആട്ടം നൃത്തം നടക്കുക.ഗ്രാമവാസികളെല്ലാം ഒരു പൊതുയിടത്തിൽ ഒത്തുചേരുന്നു. കളത്തിനു മുൻപായി ആട്ടക്കളത്തിനരികെ ഒരു ആഴി (തീക്കുണ്ടം) കൂട്ടുന്നു.നേരം ഇരുട്ടുന്നതോടെ വാദ്യങ്ങൾ മുഴങ്ങാൻ ആരംഭിക്കും .നൃത്തം ചെയ്യുന്ന സ്ത്രീകൾ മാറിനുമുകളിൽ കയറ്റിക്കുത്തിയ ഒറ്റമുണ്ട് ഉടുത്താണ് കൂത്തിൽ പങ്കെടുക്കുന്നത്. പുരുഷന്മാർ തങ്ങളുടെ നിത്യജീവിതത്തിനുപയോഗിക്കുന്ന വസ്ത്രങ്ങൾ തന്നെയാണ് നൃത്തത്തിനും ഉപയോഗിക്കുന്നത് .നർത്തകരെല്ലാം ചിലങ്ക ഉപയോഗിക്കും. 

സ്ത്രീപുരുഷന്മാർ ഇടകലർന്ന് നാലഞ്ചു നിരയായും പിന്നീട് വൃത്താകൃതിയിലുമാണ് നൃത്തം അവതരിപ്പിക്കുന്നത് .കൈയ്യിലുള്ള കമ്പുകൾ കൂട്ടിയടിച്ചു കൊണ്ട് മുന്നോട്ടും പിന്നോട്ടും മൂന്നുചുവടുവീതം വെച്ചും സ്വയം തിരിഞ്ഞും ആട്ടക്കാർ ദ്രുതചലനങ്ങളോടെ  നൃത്തം ചെയ്യുന്നു .ആട്ടത്തിനൊപ്പം ഇവർ ചൂളംവിളിക്കുകയും ഓരിയിടുകയും ചെയ്യുന്നു. 

പളിയരുടെ ആട്ടം

മലപ്പുലയരെ അപേക്ഷിച്ച് കൂടുതൽ ചമയങ്ങളുള്ളതാണ് പളിയരുടെ ആട്ടം.കുടിമൂപ്പന്റെ വീട്ടുമുറ്റത്തോ അല്ലെങ്കിൽ പൊതുയിടത്തോ കൂത്ത് അവതരിപ്പിക്കുന്നു.നർത്തകവൃന്ദത്തിനു പുറത്താണ് വാദ്യക്കാരന് സ്ഥാനം .നർത്തകർ മുഖത്ത് കരിയും മറ്റു ചായങ്ങളും തേയ്ക്കാറുണ്ട് .ചിലർ കാട്ടുമൃഗങ്ങളുടെ പൊയ്മുഖം ഉപയോഗിക്കും.കൂത്തിനിറങ്ങുന്നവർ തനിച്ചും പരസ്പരവും കൈകൾ കൂട്ടിയടിക്കും. കൂട്ടത്തിലൊരാളോ വാദ്യക്കാരനോ മുൻപാട്ടു പാടികൊടുക്കും.വാദ്യത്തിനൊപ്പം പാട്ടിന്റെ കൂടി താളത്തിലായിരിക്കും നൃത്തം.കൊടുമുടികളെയും മരങ്ങളെയും മൃഗങ്ങളെയും കുറിച്ചുള്ളതായിരിക്കും പാട്ടുകൾ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-01-2025

ലേഖനം നമ്പർ: 1616

sitelisthead