കലോത്സവത്തിന് കുടിവെള്ള സൗകര്യമൊരുക്കി വാട്ടർ അതോറിറ്റി
കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭക്ഷണ വേദിയായ പുത്തരിക്കണ്ടത്ത് വിപുലമായ കുടിവെള്ള സൗകര്യമൊരുക്കി വാട്ടർ അതോറിറ്റി. നാല് നേരം ഇരുപതിനായിരത്തോളം പേർക്ക് ഭക്ഷണ വിതരണം നടക്കുന്ന മൈതാനത്ത്, നാൽപ്പതിനായിരം ലിറ്റർ സ്റ്റോറേജ് സജ്ജീകരിച്ചിട്ടുണ്ട്.
ജലത്തിൻ്റെ ലഭ്യത ഉറപ്പു വരുത്താൻ ടാങ്കുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുകയാണ്. പുത്തരിക്കണ്ടം മുതൽ പഴവങ്ങാടിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ പുതിയൊരു പൈപ്പ്കണക്ഷനിലൂടെ ടാങ്കുകളിൽ ജലം നിറയ്ക്കുന്നതിനുള്ള സംവിധാനവുമുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും വാട്ടർ അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ താമസസൗകര്യം ഒരുക്കിയിരിക്കുന്ന സ്കൂളുകൾ സന്ദർശിച്ച്, പൈപ്പ് കണക്ഷൻ ഇല്ലാത്ത സ്കൂളുകളിൽ കോർപ്പറേഷൻ്റെ ടാങ്ക് വഴി ജലവിതരണം ഉറപ്പു വരുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിങ് എല്ലാദിവസവും ഭക്ഷണവിതരണം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് കുടിവെള്ള പരിശോധന നടത്തുന്നു. ജലത്തിലെ ക്ലോറിൻ്റെ അംശം പരിശോധിക്കുന്നതിന് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർക്ക് ആർ സി കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-01-2025
ലേഖനം നമ്പർ: 1629