ഭക്ഷണപ്പുര സജ്ജം; ദിവസവും നാൽപ്പതിനായിരം പേർക്ക് ഭക്ഷണമൊരുക്കും

63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാ​ഗമായി തലസ്ഥാനത്ത് എത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് പ്രതിനിധികൾക്കും ആ​ഹാരമൊരുക്കാനായി ഭക്ഷണപ്പുര പ്രവർത്തനസജ്ജമായി. ഭക്ഷണപ്പുരയിൽ ദിവസവും നാൽപ്പതിനായിരം പേർക്ക് ഭക്ഷണമൊരുക്കും. മൂന്ന് നേരവും ഭക്ഷണമുണ്ടാകും. പതിനായിരം പേർക്ക് പ്രഭാത ഭക്ഷണവും ഇരുപതിനായിരം പേർക്ക് ഉച്ചഭക്ഷണവും പതിനായിരം പേർക്കുള്ള അത്താഴവും ഭക്ഷണപ്പുരയിൽ തയ്യാറാക്കും.  

വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക. ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പന്ത്രണ്ടു കറികളും പായസവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യവിഭവങ്ങൾ ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഭക്ഷണപ്പുരയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് ഇഷ്ടപെടുന്ന രുചികളാവും ഉണ്ടാവുക. ഇതിനായി  മെനു ഒരുക്കിയിട്ടുണ്ട്.

പുത്തരിക്കണ്ടം മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള നെയ്യാർ പന്തലിൽ ഒരേ സമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുമുൾപ്പടെ 350 പേർ ഭക്ഷണം വിളമ്പാനുണ്ട്. അദ്ധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-01-2025

ലേഖനം നമ്പർ: 1617

sitelisthead