കേരളത്തിലെ സഹകരണ മേഖലയെ കൂടുതൽ സുതാര്യവും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാക്കുന്നതിനായി സഹകരണ വകുപ്പ് ‘വിശ്വാസ്’ സമഗ്ര പാക്കേജ് നടപ്പാക്കുന്നു. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനവും ക്രമക്കേടുകൾക്ക് തടയിടുന്നതും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
  
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന 400-ലധികം സഹകരണ സംഘങ്ങളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഘങ്ങളിലെ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് പ്രയോജനപ്പെടുത്തുന്നതിനൊപ്പം സംഘങ്ങൾക്ക് ലഭിക്കാനുള്ള വായ്പകൾ ഫലപ്രദമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ലഭ്യമായ ഫണ്ടുകൾ കൃത്യമായ മുൻഗണനാക്രമത്തിൽ വിനിയോഗിച്ച് നിക്ഷേപകരുടെ തുക തിരിച്ചുനൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമാനുസൃത നടപടികൾ ശക്തമാക്കുന്നതും ‘വിശ്വാസ്’ പദ്ധതിയുടെ പ്രധാന ഘടകമാണ്. ഫണ്ട് വകമാറ്റം, തട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകളിൽ ഉത്തരവാദികളായവരിൽ നിന്ന് സർചാർജ് നടപടികളിലൂടെ തുക ഈടാക്കും. അതോടൊപ്പം, തെറ്റായ ഓഡിറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കിയഉദ്യോഗസ്ഥർക്കെതിരെയും  നടപടികൾ സ്വീകരിച്ച് സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക സുതാര്യതയും ഉറപ്പാക്കും.

കൂടാതെ കുടിശ്ശികയായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനായി നടപ്പാക്കുന്ന ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഇതിനകം 100 കോടിയിലധികം രൂപയുടെ വായ്പകൾ തീർപ്പാക്കിയിട്ടുണ്ട്. ജനപ്രതിനിധികളെ സഹകരണ സംഘങ്ങളുടെ സമിതികളിൽ ഉൾപ്പെടുത്തുന്നതിലൂടെ പദ്ധതിയുടെ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനും സാധിച്ചു. വായ്പാ തീർപ്പാക്കലിൽ അസിസ്റ്റന്റ് രജിസ്ട്രാർ തലത്തിൽ 35 ശതമാനം വരെയും ജോയിന്റ് രജിസ്ട്രാർ തലത്തിൽ 50 ശതമാനം വരെയും പിഴപ്പലിശ ഇളവ് അനുവദിക്കുന്നതിനും സംസ്ഥാനതലത്തിൽ പിഴപ്പലിശയിൽ പൂർണ ഇളവ് നൽകുന്നതിനുമുള്ള വ്യവസ്ഥകളും പദ്ധതിയിലുണ്ട്.

ഓണം, മഴക്കെടുതി തുടങ്ങിയ സാഹചര്യങ്ങൾ പരിഗണിച്ച് ‘ആശ്വാസ് 2026’ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീർഘിപ്പിക്കുന്നതിനുള്ള നിർദേശവും സർക്കാരിന്റെ പരിഗണനയിലാണ്. വായ്പാ തിരിച്ചടവ് സുഗമമാക്കുന്നതിനൊപ്പം ‘വിശ്വാസ്’ സമഗ്ര പാക്കേജ് നടപ്പാക്കി സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ ജനകീയതയും സുതാര്യതയും വകുപ്പ് ഉറപ്പാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-01 10:46:31

ലേഖനം നമ്പർ: 2067

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo