വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD)

1956-ൽ സ്ഥാപിതമായ വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD) സർക്കാർ വാർത്തകളുടെയും, വിവരങ്ങളുടെയും സ്രോതസ്സായി വർത്തിക്കുന്നു. ഒപ്പം വിവിധ മാധ്യമങ്ങളുമായുള്ള ബന്ധവും കാത്തുസൂക്ഷിക്കുന്നു. പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ ചാലകമായി പ്രവർത്തിച്ചുവരുന്ന വകുപ്പ് നൂതന ആശയ വിനിമയളിലൂടെയും സമയോചിതമായ പൊതുജന സമ്പർക്ക ഇടപെടലുകളിലൂടെയും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ധാരണ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നു. പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവയിൽ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനുമുള്ള അഭിപ്രായങ്ങൾ വകുപ്പ് ശേഖരിക്കുന്നു. സർക്കാർ നയങ്ങൾ, പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രചരിപ്പിക്കുന്നതിൽ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രസ് റിലീസുകൾ, പ്രസ് നോട്ടുകൾ, ഫീച്ചർ ആർട്ടിക്കിളുകൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോ ക്ലിപ്പുകൾ എന്നിങ്ങനെ വിവിധ ആശയവിനിമയ രീതികൾ ഉപയോഗിക്കുകയും, പ്രധാനപ്പെട്ട സർക്കാർ നയങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി മന്ത്രിമാർ, സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി പത്രസമ്മേളനങ്ങൾ, വിശദീകരണങ്ങൾ, അഭിമുഖങ്ങൾ എന്നിവ ക്രമീകരിക്കുകയും ചെയ്യുന്നു. 

ലിങ്ക്: https://prd.kerala.gov.in/en/home-1

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC)

മലയാള സിനിമയുടെ നിർമ്മാണവും പ്രമോഷനും സുഗമമാക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSFDC) 1975ൽ സ്ഥാപിതമായത്. ചലച്ചിത്ര വികസനത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ, കെഎസ്എഫ്ഡിസിയുടെ നേട്ടങ്ങൾ നിരവധിയാണ്. 1980-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പുതിയ ചലച്ചിത്ര സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ഈ സ്റ്റുഡിയോയിൽ നിർമ്മിച്ച നിരവധി ചിത്രങ്ങൾ ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിലുടനീളം 11 തിയേറ്ററുകളുടെ ശൃംഖല കെഎസ്എഫ്ഡിസിക്ക് സ്വന്തമാണ്. അവയിൽ ചിലതിൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐഎഫ്എഫ്കെ) പതിവായി സംഘടിപ്പിക്കുന്നു. കൂടാതെ, കേരള സർക്കാരിൻ്റെ ഡോക്യുമെൻ്ററി സിനിമകൾക്കും വീഡിയോ പ്രോഗ്രാമുകൾക്കുമുള്ള ഏക നിർമ്മാണ ഏജൻസിയും കെഎസ്എഫ്ഡിസി ആണ്. കെഎസ്എഫ്ഡിസി നിർമ്മിച്ച ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും നിരവധി സംസ്ഥാന, ദേശീയ, അന്തർദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.

ലിങ്ക്: https://www.ksfdc.in/

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മലയാള സിനിമയുടെ വികസനം ലക്ഷ്യമിട്ട് 1998ലാണ് കേരള ചലച്ചിത്ര അക്കാദമി രൂപീകരിച്ചത്. ചലച്ചിത്ര-ടെലിവിഷൻ മേഖലയുടെ നയരൂപീകരണം, മികച്ച ചലച്ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ചലച്ചിത്രോത്സവങ്ങൾ, ചലച്ചിത്ര മേഖലയിലെ ഗവേഷണ പഠനങ്ങൾ, ചലച്ചിത്ര കലാകാരന്മാർക്കുള്ള ക്ഷേമ പദ്ധതികൾ, ചലച്ചിത്ര സാക്ഷരത വളർത്തുന്നതിനു വേണ്ടിയുള്ള ശില്പശാലകൾ, പഠന ക്യാമ്പുകൾ എന്ന് തുടങ്ങി ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനമാണ് ചലച്ചിത്ര അക്കാദമി ലക്ഷ്യമിടുന്നത്. സിനിമയെ വിനോദമെന്ന നിലയിൽ മാത്രമല്ല, അക്കാദമിക് പഠനത്തിനും വിമർശനാത്മക പ്രതിഫലനത്തിനും സാമൂഹിക ചരിത്രത്തിൻ്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ഒരു ഉപാധിയായും ഉപയോ​ഗിക്കുന്ന തരത്തിലേക്കുള്ള സർ​ഗാത്മക വളർച്ചയെ അക്കാദമി പിന്തുണയ്ക്കുന്നു. ഇതിനായി വിദ്യാർത്ഥികളെയും അധ്യാപകരെയും പൊതുജനങ്ങളെയും സിനിമയുമായി കൂടുതൽ അടുപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. 

ലിങ്ക്: https://www.keralafilm.com/

കേരള മീഡിയ അക്കാദമി

കേരള സർക്കാരിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള മീഡിയ അക്കാദമി. 1979-ൽ കേരള പ്രസ് അക്കാദമി എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സർക്കാരിന്റെയും, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റുകളുടെയും (കെയുഡബ്ല്യുജെ), ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമാണ്. കഴിഞ്ഞ നാൽപ്പത് വർഷമായി മാധ്യമ വ്യവസായത്തിലെ പ്രൊഫഷണലിസവും മികവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുമതല അക്കാദമി വിജയകരമായി നടപ്പിലാക്കുകയും, നാളത്തെ മാധ്യമ പ്രവർത്തകരെ സൃഷ്ടിക്കുന്നതിനുള്ള അടിത്തറ പാകുകയും ചെയ്യുന്നു. കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ മീഡിയ കോഴ്‌സുകൾ സംഘടിപ്പിക്കുകയും, ഫെലോഷിപ്പ് പ്രോഗ്രാമുകളിലൂടെ മാധ്യമ മേഖലയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അവാർഡുകളിലൂടെയും എൻഡോവ്‌മെൻ്റുകളിലൂടെയും പത്രപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും, മാധ്യമങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും, ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നു.

ലിങ്ക്: http://keralamediaacademy.org/

കേരള സ്റ്റേറ്റ് ഐടി മിഷൻ ( KSITM )

തിരുവനന്തപുരം ആസ്ഥാനമായ കേരള സർക്കാരിൻ്റെ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിൻ്റെ ഭാഗമാണ് കേരള സ്റ്റേറ്റ് ഐടി മിഷൻ (KSITM). കേരള സ്റ്റേറ്റ് ഐടി മിഷനിൽ, വ്യവസായ മേഖലയിൽ നിന്നും സർക്കാരിൽ നിന്നുമുള്ള പ്രൊഫഷണലുകൾ ഉൾപ്പെടുന്നു.  ഇ-ഗവേണൻസ്, മാനവ വിഭവശേഷി വികസനം, പൗരന്മാരും സർക്കാരും തമ്മിലുള്ള ആരോ​ഗ്യകരമായ ഇടപഴകൽ, സർക്കാരും വ്യവസായവും തമ്മിലുള്ള ആരോ​ഗ്യകരമായ ഇടപഴകൽ, ഡിജിറ്റൽ വിഭജനം കുറയ്ക്കുക, ആരോ​ഗ്യകരമായ നിക്ഷേപക ഇടപെടലുകൾ, ഭരണത്തിൽ വേഗവും സുതാര്യതയും കൈവരിക്കൽ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ പ്രവർത്തിക്കുന്നു. കേരള സ്റ്റേറ്റ് ഐടി മിഷന്റെ തലവൻ ഡയറക്ടറും, സെക്രട്ടറി-ഐടി ചെയർമാനുമാണ്.

ലിങ്ക്: https://itmission.kerala.gov.in/
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-07-2024

ലേഖനം നമ്പർ: 1440

sitelisthead