ഊരാളി

'ഊരു' എന്നാല്‍ കുടുംബങ്ങളുടെ കൂട്ടമെന്നും 'ആളുന്നവന്‍' എന്നാല്‍ ഭരിക്കുന്നവന്‍ എന്നുമാണ് അര്‍ത്ഥമാക്കുന്നത്. ഊരാളികള്‍ മധുര സാമ്രാജ്യത്തില്‍ നിന്നുള്ളവരും ആദ്യം നേരിയമംഗലത്ത് താമസമാക്കിയിരുന്നവരുമാണെന്ന് പറയപ്പെടുന്നു. ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണത്തെ തുടര്‍ന്ന് ഇവരെ വിവിധ കോളനികളില്‍ പുനരധിവസിപ്പിച്ചു. മലയാളവും തമിഴും കലര്‍ന്ന ഭാഷയാണ് ഊരാളികളുടേത്.

ഊരാളികളുടെ തലവന്‍ 'കാണിക്കാരന്‍' എന്ന് അറിയപ്പെടുന്നു. ഇദ്ദേഹം ആചാരാനുഷ്ഠാനങ്ങള്‍ നിയന്ത്രിക്കുന്നു. മരുന്ന് നല്‍കുന്നയാളെ 'പ്ലാത്തി' എന്ന് വിളിക്കുന്നു. ഭക്ഷണ ശേഖരണം, തടി ഇതര വനവിഭവങ്ങളുടെ ശേഖരണം, കൃഷി എന്നിവയായിരുന്നു ഊരാളികളുടെ പരമ്പരാഗത തൊഴില്‍. മലയോര പ്രദേശങ്ങളില്‍, വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി ഓരോ വീടിനും ഒന്നോ അതിലധികമോ മരക്കുടിലുകള്‍ ഉണ്ടായിരിക്കും. അവര്‍ കൃഷിയില്‍ വിദഗ്ധരാണ്. ഇവരില്‍ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നതും. അതുപോലെ വനത്തെയും ഇവര്‍ ആശ്രയിന്നുണ്ട്.

ഊരാളി സമൂഹം പ്രധാനമായും കാണപ്പെടുന്നത് ഇടുക്കി ജില്ലയിലാണ്. കോട്ടയത്തും എറണാകുളത്തും വളരെ ചെറിയ പ്രാതിനിധ്യമാണുള്ളത്. മൊത്തം 2099 കുടുംബങ്ങളാണുള്ളത്. 7559 ജനസംഖ്യയുമുണ്ട്. ഇതില്‍ 3848 പുരുഷന്മാരും 3711 സ്ത്രീകളും ഉള്‍പ്പെടുന്നു. പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ കൂടുതലായതിനാല്‍ ലിംഗാനുപാതം 1000 : 964 ആണ്. ഇത് ജനസംഖ്യാ വളര്‍ച്ചയുടെ മോശം സൂചികയാണ്. കുടുംബത്തിന്റെ വലിപ്പം 3.60 ആണ്.

കോട്ടയത്തെ 5 ഗ്രാമപഞ്ചായത്തുകളിലും ഇടുക്കിയിലെ 19 ഗ്രാമപഞ്ചായത്തുകളിലും എറണാകുളത്തെ 4 ഗ്രാമപഞ്ചായത്തുകളിലുമായി ഊരാളി സമൂഹം സ്ഥിരതാമസമാക്കിയിരിക്കുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിലും കൊച്ചി കോര്‍പ്പറേഷനിലും ഊരാളി സമുദായത്തില്‍പ്പെട്ട ഓരോ കുടുംബം വീതമുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1373

sitelisthead