വേട്ടകുറുമന്‍

2003ല്‍ പട്ടികവര്‍ഗ വിഭാഗമായി അംഗീകരിക്കപ്പെട്ട സമൂഹമാണ് വേട്ടകുറുമന്‍. വയനാട് ജില്ലയിലും കര്‍ണാടക സംസ്ഥാനത്തിന്റെ സമീപ പ്രദേശങ്ങളിലും മാത്രമാണ് ഇവരെ കാണുന്നത്. പ്രാദേശിക ഭാഷയില്‍ 'ഊരാളി കുറുമന്മാര്‍' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 2003ന് മുമ്പ് ഇവര്‍ പട്ടികജാതിയിലുള്‍പ്പെട്ട ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹമായ ഊരാളിയോട് ചേര്‍ന്ന് നിന്നു. സെന്‍സസ് രേഖകളില്‍ ഊരാളിയായി രേഖപ്പെടുത്തി. എന്നാല്‍ ഇപ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെട്ടത്. കന്നഡയിലും മലയാളത്തിലും ദ്വിഭാഷകളാണ് ഇവര്‍. പക്ഷേ ഇവര്‍ക്കിടയില്‍ സ്വന്തം ഭാഷ ഉപയോഗിക്കുന്നു.

വിവാഹം, ചര്‍ച്ചകള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ സാമൂഹിക ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കുന്ന ഇവരുടെ തലവനെ 'മെഗാലന്‍' എന്ന് പറയുന്നു. വേട്ടകുറുമന്മാര്‍ അടിസ്ഥാനപരമായി വനവാസികളാണ്. കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ ഇവര്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. കൈകൊണ്ട് മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലെ കലാപരമായ വൈദഗ്ധ്യത്തിന് ഇവര്‍ പ്രശസ്തരാണ്. വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവര്‍ തടി മുറിച്ച് സൗന്ദര്യവല്‍ക്കരിക്കുകയും മരപ്പണി ചെയ്യുകയും ചെയ്യുന്നു. ഇവര്‍ക്ക് ലോഹപണികളും അറിയാം. നേരത്തെ കുറിച്യന്‍ സമുദായം ഉപയോഗിക്കുന്ന അമ്പുകളുടെ ഇരുമ്പ് ഭാഗം ഉണ്ടാക്കിയിരുന്നത് ഇക്കൂട്ടരാണ്. സ്ത്രീകള്‍ കൊട്ട നിര്‍മാണത്തിലും മുളകൊണ്ടുള്ള പായ നെയ്ത്തിലും വിദഗ്ധരാണ്. ധാരാളം കഴിവുകള്‍ ഇവര്‍ക്കുള്ളതിനാല്‍ ഇവരെ 'സകലകലാവല്ലഭന്‍' എന്ന് വിളിക്കാം.

വെട്ടക്കുറുമന്മാര്‍ തടി ഇതര വന ഉല്‍പന്നങ്ങളുടെ ശേഖരണവും വില്‍പനയും കൊണ്ടാണ് ഉപജീവനം നടത്തുന്നത്. പരിമിതമായ വനമേഖലയിലാണ് ഇവര്‍ നെല്‍കൃഷി ചെയ്യുന്നത്. ഇവര്‍ വന തൊഴിലാളികളും കാര്‍ഷിക തൊഴിലാളികളും ആണ്. കൂടാതെ തൊഴിലിനായി പലപ്പോഴും കര്‍ണാടകയിലെ കൂര്‍ഗിലേക്ക് കുടിയേറുന്നു.

വയനാട് ജില്ലയിലാണ് വേട്ടക്കുറുമന്‍ സമുദായം കൂടുതലായി കാണപ്പെടുന്നത്. രണ്ട് കുടുംബങ്ങള്‍ കോഴിക്കോട് ജില്ലയിലും ഒരെണ്ണം ആലപ്പുഴ ജില്ലയിലും കണ്ടെത്തിയിട്ടുണ്ട്. 6482 ജനസംഖ്യയുള്ള വേട്ടക്കുറുമന്‍ സമൂദായത്തില്‍ 1703 കുടുംബങ്ങളുണ്ട്. ഇതില്‍ 3193 പുരുഷന്മാരും 3289 സ്ത്രീകളുമടങ്ങുന്നു. കുടുംബത്തിന്റെ വലിപ്പം 3.81 ആണ്. ലിംഗാനുപാതം 1000 : 1030 ഉം ആണ്.

ആലപ്പുഴയിലെ ഒരു ഗ്രാമപഞ്ചായത്ത് (അരൂര്‍), കോഴിക്കോട്ടെ രണ്ട് ഗ്രാമപഞ്ചായത്തുകള്‍ (വളയം, ബാലുശ്ശേരി) വയനാട്ടിലെ 20 ഗ്രാമപഞ്ചായത്തുകള്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ വേട്ടക്കുറുമന്‍ സമുദായം സ്ഥിരതാമസമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, അവരില്‍ ഭൂരിഭാഗവും തിരുനെല്ലി (1354), അമ്പലവയല്‍ (698), നൂല്‍പ്പുഴ (520), പനമരം (572), പൂതാടി (573) ഗ്രാമപഞ്ചായത്തുകളിലാണ് കാണപ്പെടുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1378

sitelisthead