കാണിക്കാർ
കാണിക്കാർ പ്രധാനമായും തമിഴ്നാടിന്റെ സമീപ പ്രദേശങ്ങളായ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിന്യസിച്ചിരിക്കുന്നു. ഭൂമിയുടെ പാരമ്പര്യ ഉടമകൾ എന്നർത്ഥത്തിൽ അവരെ അഗസ്ത്യ മുനി 'കാണിക്കാർ' എന്ന് വിളിക്കുന്നു.'കാണി' എന്നാൽ ഭൂമി എന്നും 'കാരൻ' എന്നാൽ ഉടമ എന്നുമാണ് അർത്ഥമാക്കുന്നത്. അവരുടെ സംസാര ഭാഷയിൽ മലയാളം, തമിഴ് എന്നീ ഭാഷകളുടെ സവിശേഷതകൾ കാണാം. കാണിക്കാർക്ക് തിരുവിതാംകൂറുമായി ബന്ധമുണ്ട്. വർഷം തോറും അവർ രാജാവിനെ സന്ദർശിച്ച് കാട്ടിലെ ഉൽപ്പന്നങ്ങൾ കാഴ്ചയായി സമർപ്പിക്കുകയും രാജാവിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മത വിഷയങ്ങളുടെ അടിസ്ഥാന യൂണിറ്റാണ് 'കാണിക്കുടി' അഥവാ 'കാണിപത്ത്'. ഓരോ കാണിപത്തിനും നേതൃത്വം നൽകുന്നത് 'മുട്ടുകാണി' എന്ന അധികാരിയാണ്. തലവന്റെ പ്രധാന സഹായിയാണ് 'വിളിക്കാണി'. ചില മേഖലകളിൽ തലവൻമാർ 'മുതൽപാത്ത്' എന്നും അറിയപ്പെടുന്നു. അധികാര ശ്രേണിയിൽ അടുത്തതായി വരുന്ന മാന്ത്രികനും മരുന്നുകാരനുമാണ് 'പ്ലാത്തി'.
നേരത്തെ അവർ വേട്ടയാടലും ചെറുകിട വനവിഭവങ്ങളുടെ ശേഖരണവും കൃഷിയുമായി ഉപജീവനം കഴിച്ചു. ഇപ്പോൾ അവർ നെല്ല്, മരച്ചീനി പോലുള്ള സ്ഥിരതയാർന്ന കൃഷികൾ ചെയ്യുന്നു. അവർ കൃഷി ചെയ്യുന്ന പ്രധാന നാണ്യവിളകളാണ് അടയ്ക്ക, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കശുവണ്ടി മുതലായവ. 'അഗസ്ത്യകൂടം' കൊടുമുടിയിൽ ധാരാളം ഔഷധ സസ്യങ്ങൾ കാണപ്പെടുന്നു. മിക്കവാറും എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നതിന് അനുയോജ്യമായ ഈ ഔഷധസസ്യങ്ങൾ തിരിച്ചറിയാനുള്ള പരമ്പരാഗത വിജ്ഞാന സമ്പ്രദായം കാണിക്കാരുടെ പ്രത്യേകതയാണ്.
മറ്റ് സമുദായങ്ങൾക്കൊപ്പം സമതല പ്രദേശങ്ങളിൽ താമസിക്കുന്ന കാണിക്കാർ ജീവിതശൈലിയിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഉൾക്കാടുകളിൽ താമസിക്കുന്ന 'മലങ്കാണികൾ' ഇപ്പോഴും ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വരെ കഷ്ടപ്പെടുകയാണ്. 7 ജില്ലകളിലെ 48 തദ്ദേശസ്ഥാപനങ്ങളിലായി 5872 കാണിക്കാരൻ കുടുംബങ്ങളുണ്ട്. അവരുടെ ജനസംഖ്യ 19455 ആണ്. കുടുംബ വലുപ്പം 3.31 ഉം ആണ്. ജനസംഖ്യയിൽ 9212 പുരുഷന്മാരും 10243 സ്ത്രീകളും ഉൾപ്പെടുന്നു. ലിംഗാനുപാതം 1000 : 1112 ആണ്. ഇത് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്.
കാണിക്കാർ സമുദായം പ്രധാനമായും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 8 ഗ്രാമപഞ്ചായത്തുകങ്ങളിലായി വിന്യസിച്ചിരിക്കുന്നു. വിതുര(3575), പെരിങ്ങമ്മല (2650), തൊളിക്കോട് (2425), പാങ്ങോട് (991) അമ്പൂരി (1811), കുളത്തൂപ്പുഴ (1956) എന്നിവയാണ് കാണിക്കാരുടെ ഗണ്യമായ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകൾ. സമുദായത്തിന്റെ ഏകദേശം അഞ്ചിലൊന്ന് വിതുര ഗ്രാമപഞ്ചായത്തിലാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്. മറ്റുള്ള പട്ടികവർഗ സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാണിക്കാർ നഗരവൽക്കരണ പ്രക്രിയയിലേക്ക് കൂടുതൽ കടന്നിട്ടുണ്ട്. തിരുവനന്തപുരം (103), കൊച്ചി (48) കോർപ്പറേഷനുകൾ, നെടുമങ്ങാട് (47), നെയ്യാറ്റിൻകര (18), കളമശ്ശേരി (7), പുനലൂർ (4) മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലാണ് ഇവർ സ്ഥിരതാമസമാക്കിയിരിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024
ലേഖനം നമ്പർ: 1357