പളളിയന്‍, പളളിയാര്‍, പളിയന്‍
ഇടുക്കി ജില്ലയിലും തമിഴ്നാടിന്റെ സമീപ പ്രദേശങ്ങളിലുമാണ് ഇവര്‍ വിന്യസിച്ചിരിക്കുന്നത്. ഇവരുടെ ഭാഷയ്ക്ക് തമിഴുമായി ബന്ധമുണ്ട്. ഓരോ സെറ്റില്‍മെന്റിനും 'കണിക്കാരന്‍' എന്ന ഒരു തലവന്‍ ഉണ്ടായിരിക്കും. പരമ്പരാഗത തലവനായി പൊതുവായി അംഗീകരിക്കപ്പെട്ടതോ ചിലപ്പോഴൊക്കെയോ തെരെഞ്ഞെടുപ്പ് വഴിയോ വരുന്ന 'ഊരുമൂപ്പന്‍' ഉണ്ടാകും.
പണ്ട് പളളിയന്‍മാര്‍ പ്രാദേശിക നാടോടികളായിരുന്നു. പിന്നാട് ഇവര്‍ കൃഷി പരിശീലിച്ചു. ഇവരില്‍ കുറച്ചുപേര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമിയുണ്ടായിരുന്നു. പക്ഷേ, ബഹുഭൂരിപക്ഷം പളളിയന്മാരും ഇടുക്കി ജില്ലയിലെ വിവിധ തേയിലത്തോട്ടങ്ങളിലെ തോട്ടം തൊഴിലാളികളായി മാറിയിരിക്കുന്നു. സമുദായ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ അവരുടെ താഴ്ന്ന ജീവിതനിലവാരം പരിഹരിക്കാന്‍ കഴിയുകയുള്ളൂ.
1484 ജനസംഖ്യയുള്ള പളളിയന്‍ സമുദായത്തില്‍ 423 കുടുംബങ്ങളുണ്ട്. പളളിയന്‍ സമുദായം പൂര്‍ണമായും ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമാക്കിയവരാണ്. 7 ഗ്രാമപഞ്ചായത്തുകളില്‍ ഇവര്‍ കാണപ്പെടുന്നുണ്ടെങ്കിലും കുമളി (419), വണ്ടന്‍മേട് (501), ചക്കുപള്ളം (371), കട്ടപ്പന (174) എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതലും ഇവര്‍ കാണപ്പെടുന്നത്. പളളിയന്‍ സമുദായത്തില്‍ 741 പുരുഷന്മാരും 743 സ്ത്രീകളുമാണുള്ളത്. ലിംഗാനുപാതം 1000 : 1003 ഉം കുടുംബ വലുപ്പം 3.50 ഉം ആണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024
ലേഖനം നമ്പർ: 1370