മലയന്‍,നാട്ടുമലയന്‍,കൊങ്ങ മലയന്‍
മലയന്‍, നാട്ടുമലയന്‍, കൊങ്ങ മലയന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഴികെ) എന്നിവയെ പട്ടികവര്‍ഗ വിഭാഗങ്ങളായി അംഗീകരിച്ചിട്ടുള്ളതാണ്. ഈ സമൂഹത്തിന് രണ്ട് ഉപവിഭാഗങ്ങളുണ്ട്-കേരളത്തിലെ മലയോര പ്രദേശങ്ങളിലെ നിവാസികളായ 'നാട്ടു മലയനും' തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ വനങ്ങളില്‍ നിന്ന് കുടിയേറിയ 'കൊങ്ക മലയനും'. പട്ടികജാതി പട്ടികയില്‍ ഇതേ പേരുള്ള മറ്റൊരു സമൂഹമുണ്ട്. പ്രാദേശിക വ്യത്യാസങ്ങളാണ് രണ്ട് സമുദായങ്ങളെയും വേര്‍തിരിക്കുന്നത്. നാട്ടുമലയന്മാര്‍ക്ക് അവരുടേതായ ഒരു ഭാഷയുണ്ട്. അതേസമയം 'കൊങ്ക മലയന്‍' തമിഴും മലയാളവും ഇടകലര്‍ത്തിയാണ് സംസാരിക്കുന്നത്. എല്ലാ സെറ്റില്‍മെന്റിലും 'ഏലുമൂപ്പന്‍' എന്നറിയപ്പെടുന്ന ഒരു തലവന്‍ ഉണ്ടായിരിക്കും. അദ്ദേഹത്തിന് 'കൈക്കാരന്‍' എന്നൊരു സഹായിയും ഉണ്ടായിരിക്കും.
മലയന്‍ സമൂഹത്തിന്റെ പ്രാഥമിക തൊഴില്‍ വനവേലയും തടി ഇതര വന ഉല്‍പ്പന്നങ്ങളുടെ ശേഖരണവുമാണ്. കാട്ടില്‍ നിന്ന് മുളയും ഈറ്റയും ശേഖരിക്കുന്നതില്‍ ഇവര്‍ സമര്‍ത്ഥരാണ്. ഇവര്‍ കര്‍ഷകര്‍ കൂടിയാണ്. എന്നാല്‍ വനനിയമങ്ങള്‍ പല കൃഷികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനാവകാശ നിയമം, 2006 ന്റെ ന്യായമായ നടപ്പാക്കലിലൂടെ തങ്ങളുടെ പരമ്പരാഗത അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. പീച്ചി, ചിമ്മിനി തുടങ്ങിയ ജലസേചന പദ്ധതികള്‍ അവരുടെ ഉപജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മലയന്‍ സമൂഹം പ്രധാനമായും താമസിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ഒന്നോ രണ്ടോ കുടുംബങ്ങളും വിന്യസിച്ചിരിക്കുന്നു. 5550 ജനസംഖ്യയുള്ള സമൂഹത്തില്‍ ആകെ 1461 കുടുംബങ്ങള്‍ ഉണ്ട്. മലയന്‍ സമൂഹത്തിന്റെ കുടുംബ വലുപ്പം 3.80 ആണ്. ജനസംഖ്യയില്‍ 2711 പുരുഷന്മാരും 2839 സ്ത്രീകളും ഉള്‍പ്പെടുന്നതിനാല്‍, ലിംഗാനുപാതം 1000 : 1047 ആണ്. കുടുംബത്തിന്റെ വലിപ്പവും ലിംഗാനുപാതവും ജനസംഖ്യാപരമായി നല്ല സൂചകങ്ങളാണ്.
മലയന്‍ സമുദായത്തിന്റെ പ്രാതിനിധ്യമുള്ള 33 ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ മലയന്മാരുള്ളത് തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ്. വേങ്ങൂര്‍ (എറണാകുളം ജില്ല), പഴയന്നൂര്‍, പുത്തൂര്‍, വരന്തരപ്പിള്ളി, അതിരപ്പിള്ളി (തൃശൂര്‍ ജില്ല), അയിലൂര്‍, കിഴക്കഞ്ചേരി (പാലക്കാട് ജില്ല) എന്നിവയാണ് മലയന്‍ സമുദായത്തിന് 100-ലധികം ജനസംഖ്യയുള്ള മറ്റ് ഗ്രാമപഞ്ചായത്തുകള്‍.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024
ലേഖനം നമ്പർ: 1366