മലപണിക്കര്‍

മലപണിക്കര്‍ സമുദായം മലപ്പുറം ജില്ലയില്‍ മാത്രമാണ് കാണപ്പെടുന്നത്. ഇവര്‍ക്ക് 2003ലാണ് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചത്. ഇവരുടേതായ ചില വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇവര്‍ മലയാളം സംസാരിക്കുന്നു. 'കാര്‍ണവര്‍' എന്ന് വിളിക്കപ്പെടുന്ന കുടുംബത്തിൻ്റെ തലവനാണ് സാമൂഹിക നിയന്ത്രണ സംവിധാനം പരിപാലിക്കുന്നത്.

നിലമ്പൂര്‍ 'കോവിലക'ത്തിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കൃഷിക്കാരായിരുന്നു ഇവര്‍. നേരത്തെ അവര്‍ മാറിമാറി കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ നാമമാത്ര കര്‍ഷകരായി മാറി. അവരില്‍ ഭൂരിഭാഗവും കര്‍ഷകത്തൊഴിലാളികളായി തന്നെ ജോലി ചെയ്യുന്നു. ചെറിയ സമുദായങ്ങളുടെ വികസന പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും 1000-ല്‍ താഴെ ജനസംഖ്യയുള്ള മലപണിക്കരെപ്പോലുള്ളവര്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാന്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

263 കുടുംബങ്ങളുള്ള ചെറിയ സമുദായങ്ങളിലൊന്നാണ് മലപ്പണിക്കര്‍. 982 ആണ് ജനസംഖ്യ. ഇതില്‍ 458 പുരുഷന്മാരും 524 സ്ത്രീകളും ഉള്‍പ്പെടുന്നു. മലപ്പണിക്കരുടെ കുടുംബ വലിപ്പം 4.16 ആണ്. സ്ത്രീ-പുരുഷ അനുപാതം 1000 : 1144 ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ രണ്ട് മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1379

sitelisthead