
ഐടി വ്യവസായ മേഖലയിൽ വികസനക്കുതിപ്പ് സാധ്യമാക്കുന്ന പ്രധാന പദ്ധതികളിലൊന്നായ ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍ഡ്രത്തിന്റെ ഭാഗമായി എംബസി ടോറസ് ടെക്‌സോണിന്റെ ആദ്യ ഓഫീസ് 'നയാഗ്ര' പ്രവർത്തനസജ്ജമായി. ടെക്‌നോപാർക്ക് ETTZ-ൽ ആരംഭിച്ച ഈ ആധുനിക ഓഫീസ് സമുച്ചയം കേരളം ലക്ഷ്യസ്ഥാനമായി കാണുന്ന ലോകോത്തര ഐടി കമ്പനികളെ ആകർഷിക്കും. യു എസ്സിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള എംബസി ടോറസ് ടെക്‌സോണിന്റെ ഇന്ത്യയിലെ ഒരു പ്രധാന പദ്ധതിയാണ് ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം. രാജ്യത്തു തന്നെ എംബസി ടോറസ് ടെക്‌സോൺ പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ഥാപിച്ച ആദ്യ ഓഫീസ് സമുച്ചയമാണ് നയാഗ്ര. ടെക്നോപാർക്കിൽ 11.45 ഏക്കർ സ്ഥലത്തില്‍ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സും എംബസി ഗ്രൂപ്പും പൂര്‍ത്തീകരിച്ച നയാഗ്ര ഓഫീസ് സമുച്ചയം 30 ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചത് . ഇതില്‍ 15 ലക്ഷം ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടങ്ങളിൽ ആദ്യത്തേതാണ് 13 നിലകളുള്ള നയാഗ്ര. പ്രമുഖ ഫോർച്യൂൺ 100 കമ്പനികളുൾപ്പെടെ നയാഗ്രയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. കെട്ടിടത്തിന്റെ 85 ശതമാനവും ഉദ്ഘാടനത്തിന് മുന്നെ തന്നെ കമ്പനികൾക്ക് വിതരണം ചെയ്തു. 50 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ ഒരുങ്ങുന്ന ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍ഡ്രത്തില്‍ സെൻട്രം ഷോപ്പിംഗ് മാള്‍, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസ്സിനസ്സ് ഹോട്ടല്‍ എന്നിവയും ഉള്‍ക്കൊള്ളുന്നുണ്ട്.
ബിസിനസുകൾക്കും നിക്ഷേപകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ആഗോള കമ്പനികൾക്ക് നങ്കൂരമിടാനുള്ള അടുത്ത ഐടി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി സംസ്ഥാനത്തെ മാറ്റുവാന്‍ ടെക്നോപാർക്കിലെ നയാഗ്ര പ്രവർത്തനസജ്ജമാവുന്നതോടെ സാധിക്കും.സംസ്‌ഥാനത്തു ഐ ടി മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിപ്പിച്ച് ഐ ടി വികസനത്തിന്റെ അതിവേഗ പാതയിലേക്കുള്ള നൂതന ചുവടു വെയ്പാണ് നയാഗ്ര.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-11 16:42:46
ലേഖനം നമ്പർ: 1263