
കുടുംബശ്രീയുടെ വിവിധ ഭക്ഷ്യോത്പന്നങ്ങൾ ഇനിമുതൽ 'കുടുംബശ്രീ' എന്ന ഒറ്റ ബ്രാൻഡിൽ വിപണിയിലെത്തിക്കും. ഒരേ ഉൽപ്പാദനപ്രക്രിയയിൽ ഏർപ്പെട്ടിട്ടുള്ള സംരംഭങ്ങളെ യോജിപ്പിച്ച് ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് ഏകീകൃത ബ്രാൻഡിലും പായ്ക്കറ്റിലും ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുക. 2019-ൽ കണ്ണൂർ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് ഏകീകൃത സ്വഭാവത്തോടെ സംസ്ഥാനത്തിൽ വ്യാപിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ കറിപൗഡറുകളും ധാന്യപ്പൊടികളും 'കുടുംബശ്രീ' ബ്രാൻഡിൽ വിപണിയിലെത്തിക്കും. മലപ്പുറം ജില്ലയിലെ 81ഉം കോട്ടയം ജില്ലയിലെ 14ഉം തൃശൂരിലെ 15ഉം സംരംഭങ്ങൾ നിർമിക്കുന്ന കറിപൗഡർ ഉൽപ്പന്നങ്ങൾ 'കുടുംബശ്രീ ബ്രാൻഡിൽ വിപണിയിലെത്തും. കാസറഗോഡ്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവർത്തനം അവസാനഘട്ടത്തിലാണ്.
കൺസോർഷ്യം ചുമതലയിലാണ് ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിപണനവും അസംസ്കൃത വസ്തുക്കളുടെ സംസ്‌കരണവും നടപ്പാക്കുന്നത്. അടുത്തഘട്ടത്തിൽ സ്വകാര്യ വിതരണ ഏജൻസികളുമായി കരാറുണ്ടാക്കി സൂപ്പർ ഹൈപ്പർ മാർക്കറ്റുകളിലൂടെയും ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഭക്ഷ്യോത്പന്നങ്ങൾക്ക് വിപണിയൊരുക്കും. ഭക്ഷ്യോത്പന്ന നിർമാണ യൂണിറ്റുകൾക്ക് നാലുശതമാനം പലിശനിരക്കിൽ കുടുംബശ്രീ സിഎഫ് ഫണ്ടിൽനിന്ന് വായ്പയും നൽകുന്നുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങൾ ഏകീകൃത ബ്രാൻഡായ 'കുടുംബശ്രീ'യുടെ കീഴിൽ കൊണ്ടുവരുന്നതോടെ വിപണിയിൽ കൂടുതൽ സജ്ജീവമാകാൻ സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-11 15:46:10
ലേഖനം നമ്പർ: 1265