വിനോദ സഞ്ചാരമേഖലയ്ക്ക് കുതിപ്പ് നൽകാൻ ഹെലിടൂറിസം പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ്. കേരളം കാണാനെത്തുന്നവർക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നിൻ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാന്‍  പദ്ധതി അവസരമൊരുക്കും. പദ്ധതിയുടെ ആദ്യഘട്ടം എറണാകുളം നെടുമ്പാശേരിയില്‍ ആരംഭിക്കും.

ദീർഘദൂര റോഡ് യാത്ര ഒഴിവാക്കി കുറഞ്ഞ സമയത്തിനുള്ളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ആറു മുതൽ 12 പേർക്ക് കയറാവുന്ന ഹെലികോപ്റ്ററുകളാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ജടായുപാറ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കുമരകം, ഇടുക്കി, മൂന്നാർ, കോഴിക്കോട്, കാസറ​ഗോഡ് തുടങ്ങിയ സ്ഥലങ്ങളെ കേന്ദ്രീകരിക്കും. കൊച്ചി ഹെലി ടൂറിസം ഹബ്ബായിരിക്കും. 

നഗരങ്ങളേയും ടൂറിസ്റ്റ് കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചുള്ള സിറ്റി റൈഡുകൾ, തിരുവനന്തപുരം മുതൽ കാസറ​ഗോഡ് വരെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഡെസ്റ്റിനേഷൻ ടു ഡെസ്റ്റിനേഷൻ കണക്ട്, മൂന്നോ നാലോ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം പാക്കേജുകൾ എന്നിവ ഹെലിടൂറിസത്തിന്റെ സവിശേഷതയാണ്. വിമാനത്താവളങ്ങളെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാൻ നിലവിലുള്ള ഹെലിപാഡുകൾ ഉപയോഗിക്കും.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ബേക്കല്‍  കോട്ട പോലുള്ള ടൂറിസം കേന്ദ്രങ്ങളിലും ഹെലിപാഡുകള്‍ നിര്‍മിക്കും. ആഡംബരക്കപ്പലുകളില്‍ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു ദിവസം പ്രയോജനപ്പെടുത്തി കേരളത്തിനെ ആസ്വദിക്കാന്‍ ഹെലി ടൂറിസം ഏറെ പ്രയോജനപ്രദമാകും.

 സന്ദർശിക്കുക : www.keralatourism.org/heli-tourism

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-03 11:37:10

ലേഖനം നമ്പർ: 1250

sitelisthead