പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേൻമയോടു കൂടിയതുമായ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുദ്ദേശിച്ച് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതിയാണ് ഇതോടെ ലഭ്യമായത് 

അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് നേരത്തെ കെ-ഫോണിന് ലഭിച്ചിരുന്നു. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറി. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കെ എസ് ഇബിയും ചേര്‍ന്നുള്ള സംരംഭമാണ് കെ ഫോണ്‍.

ഏകദേശം 30,000 ത്തോളം സർക്കാർ ഓഫീസുകളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭിയ്ക്കുവാനും സർക്കാർ ഓഫിസുകൾ കടലാസ് രഹിതമാക്കുവാനും പദ്ധതി പ്രയോജനപ്പെടും. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാനാണ് സർക്കാർ കെ-ഫോൺ വഴി ലക്ഷ്യമിടുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-07-15 15:26:40

ലേഖനം നമ്പർ: 661

sitelisthead