ഇന്ധനവിതരണ മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന യാത്രാ ഫ്യുവൽസ് ഔട്ട്ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കും പൊതു ജനങ്ങൾക്കും ഇന്ധനം നൽകിയതിലൂടെയാണ് ഇത്. ഇതിൽ 25.53 കോടി രൂപ കമ്മിഷൻ ഇനത്തിലും, പൊതുജനങ്ങൾക്ക് ഇന്ധനം നൽകിയതുവഴി മാത്രം 163 കോടി രൂപ വിറ്റുവരവും ഇതിൽ നിന്ന് 4.81 കോടി രൂപ കമ്മിഷൻ ഇനത്തിലും ലഭിച്ചു. ഡീസൽ വില വർദ്ധനവ് കാരണം ഉണ്ടാകുമായിരുന്ന 162 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനും കെ.എസ്. ആർ.ടി.സിക്ക് സാധിച്ചു.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന 'KSRTC Re-structure 2.0' പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഇന്ധനവിതരണ മേഖലയിൽ കടന്നത്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 യാത്ര ഫ്യുവൽസ് ഔട്ട്ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. ചേർത്തല, കോഴിക്കോട്, ചടയമംഗലം, ചാലക്കുടി, മൂന്നാർ, കിളിമാനൂർ, മൂവാറ്റുപുഴ, നോർത്ത് പറവൂർ, മാവേലിക്കര, തൃശൂർ, ഗുരുവായൂർ, തിരുവനന്തപുരം വികാസ് ഭവൻ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്ലെറ്റുകൾ. 25 യാത്ര ഫ്യൂവൽസ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ഘട്ടംഘട്ടമായി സംസ്ഥാനത്തുടനീളം 75 ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ പെട്രോളിനും ഡീസലിനും പുറമെ ഔട്ട്ലെറ്റുകളിൽ നിന്ന് ഹരിത ഇന്ധനമായ സിഎൻജി നൽകുന്നതിനും വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജ്ജിങ് സംവിധാനവും ഏർപ്പെടുത്താനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-29 17:39:14
ലേഖനം നമ്പർ: 1029