കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രാദേശിക ജൈവവൈവിധ്യം ഉറപ്പാക്കി തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പദ്ധതിയായ പച്ചത്തുരുത്ത് വലിയ പ്രതീക്ഷയായി മാറുന്നു. ഹരിത ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് പച്ചത്തുരുത്ത് പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഉള്‍പ്പെടെ സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പച്ചത്തുരുത്ത് വിസ്തൃതി 779 ഏക്കറായി വര്‍ദ്ധിച്ചു കഴിഞ്ഞു.
തരിശ് ഭൂമിയില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഫലവൃക്ഷത്തൈകളും നാട്ടുസസ്യങ്ങളും നട്ടുവളര്‍ത്തി സ്വാഭാവിക ജൈവ വൈവിധ്യത്തുരുത്തുകളുണ്ടാക്കുകയാണ് ലക്ഷ്യം.കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാനും അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗീരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കാനും പച്ചത്തുരുത്തുകള്‍ വഴി സാധിക്കും.
തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പിലാക്കിയ വനസമേതം പച്ചത്തുരുത്തുകള്‍ പദ്ധതി വലിയ മികവാണുണ്ടാക്കിയത്. ആദ്യഘട്ടത്തില്‍ 210 സ്‌കൂളുകളാണ് പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്ത് ഒരുക്കിയത്.ജില്ലയില്‍ ഇതുവരെ 17.85 ഏക്കര്‍ പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു.തദ്ദേശ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയാണ് എല്ലാ ജില്ലകളിലും പദ്ധതിയുടെ പ്രവര്‍ത്തനം നടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരപ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നത്.
ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹ്യവനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തിന് ഒപ്പം പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യ മേഖലയിലെ വിദഗ്ദ്ധര്‍, വനവത്ക്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ദ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ട്. വിത്തിനങ്ങള്‍ കണ്ടെത്തല്‍,വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പച്ചത്തുരുത്ത് നിര്‍മ്മിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങളൊക്കെ ഈ സമിതികളാണ് നല്‍കുന്നത്.അരസെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ വരെ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം.ഇതിലൂടെ ചെറിയ പ്രദേശത്ത് വരെ വനവല്‍ക്കരണം സാധ്യമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-17 18:14:36
ലേഖനം നമ്പർ: 1044