കലോത്സവ സ്വർണ്ണക്കപ്പ് ഒരുക്കിയത് 117 പവനിൽ , രൂപകൽപ്പന ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ.

കലോത്സവ സ്വർണ്ണക്കപ്പ് ഒരുക്കിയത് 117 പവനിൽ , രൂപകൽപ്പന ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ

ഓരോ കലോത്സവത്തിന്റെയും മുഖ്യ ആകർഷണം അവസാന ദിവസം വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പാണ്. 1986 മുതലുള്ള കലോത്സവ യാത്രയുടെ പ്രതീകമാണ് കലോത്സവ വേദിയിൽ ജേതാക്കളെ കാത്തിരിക്കുന്ന സ്വർണക്കപ്പ്. 117 പവൻ സ്വർണ്ണം ഉപയോഗിച്ചാണ്  കൗമാര കലോത്സവത്തിനുള്ള സ്വർണ കപ്പ് നിർമിച്ചിരിക്കുന്നത്. കലോത്സവ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്തത് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ശ്രീകണ്ഠൻ നായരാണ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോൻ കപ്പ് രൂപകൽപന ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്തത്. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി മാറി. കലോത്സവ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കലോത്സവ വേദിയിലേക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ക്ഷണിച്ചു. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിൽ ശ്രീകണ്ഠൻ നായർ പങ്കെടുക്കും. 
 
ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ കേരള സ്‌കൂൾ കലോത്സവം തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ആരംഭിച്ചു. 1957ൽ സംസ്ഥാനത്ത്  കേരള സ്റ്റേറ്റ് ഇൻ്റർ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ എന്ന പേരിൽ ആരംഭിച്ച കലാമേളയിൽ ഇത്തവണ പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ജനുവരി 4 മുതൽ 8 വരെ നഗരത്തിലെ 25 വേദികളിലായാണ് 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്നത്.


Kalolsavam 2025

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.