അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് സെൻട്രൽ സ്റ്റേഡിയത്തിൽ തിരശ്ശീല വീണു. ലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവം. പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.
ബാല്യത്തിലേക്കും കൗമാരത്തിലേക്കും ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിലേക്കും കൈ പിടിച്ചു കൊണ്ടുപോകുന്നതാണ് കലോത്സവങ്ങൾ. ഓരോ മത്സരത്തിനും മാർക്കിടുക എന്നത് ജഡ്ജ്സിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. അത്രയും മികച്ച രീതിയിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികൾ നാടിന്റെ സമ്പത്താണ്.
ചലച്ചിത്ര താരങ്ങളായ ആസിഫലി, ടൊവിനോ തോമസ് എന്നിവർ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി. കലാകിരീടം സ്വന്തമാക്കിയ തൃശൂർ ജില്ല സ്വർണക്കപ്പ് ഏറ്റുവാങ്ങി.
സ്വർണ കപ്പ് രൂപകല്പന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻനായരെ സമാപനസമ്മേളനത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. പാചക രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച ഹരിത കർമ്മസേന, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നൽകിയത്. 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെയും എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെയും മാധ്യമ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
(സ്രോതസ്സ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസംഗത്തിൽ നിന്നും)
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.