വയനാടിൻ്റെ തനത് കലാരൂപമായ പണിയനൃത്തം ആദ്യമായി കലോത്സവ വേദിയിൽ
കുടികളിലും വയലിലും ഒതുങ്ങിയിരുന്ന പണിയനൃത്തം കലോത്സവ വേദിയിലേക്ക്. വയനാടിൻ്റെ തനത് കലാരൂപം ആദ്യമായി സംസ്ഥാന കലോത്സവ വേദിയിലെത്തിയത് പ്രേക്ഷകർക്ക് പുത്തനുണർവ്വായി. സ്കൂൾ കലോത്സവത്തിൽ ഗോത്രകലകളെയും ചേർക്കാനുള്ള ചരിത്ര തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കലാപ്രേമികളുടേയും കലാകാരന്മാരുടേയും പ്രതികരണം. പണിയ വിഭാഗത്തിലെ പ്രതിഭകളുമായാണ് വയനാട്ടിൽ നിന്നുള്ള സ്‌കൂളുകൾ എത്തിയത്.
ജനിച്ചതുമുതൽ കാണുകയും അഭ്യസിക്കുകയും പരിശീലിക്കുകയും ചെയ്ത പണിയനൃത്തം പ്രത്യേകമായ ഒരു പരിശീലകരുടെയും സഹായമില്ലാതെയാണ് തൃക്കൈപറ്റയിലെയും തരിയോടിലേയും സർക്കാർ സ്കൂളുകൾ അവതരിപ്പിച്ചത്. ഞാറുനടീലിൽ ആടുന്ന കമ്പളനാട്ടിയും കല്യാണവും അടിയന്തിരവും ഉൾപ്പെടെയുള്ള പണിയ ചടങ്ങുകളിൽ കളിക്കുന്ന വട്ടക്കളിയും കോർത്തിണക്കി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 35 നൃത്തസംഘങ്ങൾ അരങ്ങിലെത്തി.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.