
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് 'ബാലകേരളം പദ്ധതി' ആരംഭിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51A(h) പ്രകാരം ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുകയും അത് പ്രചരിപ്പിയ്ക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയാണ്. വിദ്യാർത്ഥികളെ ശാസ്ത്രാഭിരുചിയുള്ളവരാക്കി തീർക്കുക എന്നത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമായാണ് സാംസ്ക്കാരിക വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ബാലകേരളം എന്ന പേരിൽ പദ്ധതി തയ്യാറാക്കുന്നത്. സാംസ്ക്കാരിക വകുപ്പിന്റെ ഭാഗമായി പ്രത്യേക സിലബസോടു കൂടി തന്നെ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെ പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിയ്ക്കുകയും ഓരോ പഞ്ചായത്തിലും കുട്ടികളുടെ ഓരോ അക്കാദമികൾ ആരംഭിയ്ക്കുകയും ചെയ്യും.
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി വിദ്യാർത്ഥി തലത്തിൽ തന്നെ ശാസ്ത്രീയമായ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും സാമൂഹ്യമൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ വിദ്യാർത്ഥി തലത്തിലുള്ള ഒരു പോരാട്ടം കൂടി ആയിരിയ്ക്കും ബാലകേരളം പദ്ധതി. ജാതീയവും വർഗീയവുമായ ചിന്തകളിൽ നിന്നും തീവ്രവാദത്തിൽ നിന്നും കേരളത്തിലെ കുട്ടികളെ മുക്തരാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ് .
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2021-12-09 18:36:37
ലേഖനം നമ്പർ: 345