
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ കുട്ടികള്‍ക്ക് ആവശ്യമായി വരുന്ന സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് കുടുംബശ്രീ 'മാ കെയര്‍' കിയോസ്കുകള്‍ ആരംഭിക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ മാ കെയര്‍ കിയോസ്കുകള്‍ ആരംഭിക്കുകയും മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എല്ലാ സ്കൂളുകളിലും മാ കെയര്‍ സെന്ററുകള്‍ തുടങ്ങുന്നത്. ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളിലും മാ കെയര്‍ പദ്ധതി ആരംഭിച്ചു.
സ്കൂള്‍ കോമ്പൗണ്ടിലാണ് മാ കെയര്‍ കിയോസ്കുകള്‍ തുടങ്ങുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ്സ് മുറികളിലും മാ കെയര്‍ ആരംഭിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ മാ കെയര്‍ കിയോസ്കുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാനാകും. കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള്ക്ക് വരുമാനം നേടാനുള്ള അവസരവും ഈ കിയോസ്കുകള്‍ ആരംഭിക്കുന്നതോടെ ലഭിക്കുന്നു. കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണവും മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങളും സ്കൂള്‍ കോമ്പൗണ്ടിനുള്ളിലെ മാ കെയര്‍ കിയോസ്കുകളിലൂടെ ലഭ്യമാക്കുന്നതോടെ സ്കൂള്‍ സമയത്ത് ഈ ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ സ്കൂളിന് പുറത്ത് പോകുന്നത് ഒഴിവാക്കാനാകും. കൂടാതെ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും, ലഹരി ഉപയോഗത്തില്‍ നിന്നും അവരെ തടയാനും കഴിയും.
കിയോസ്കുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള അയല്ക്കൂട്ടാംഗങ്ങള്ക്ക് അതിനായുള്ള പരിശീലനവും നല്കുന്നു. കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍, കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സാമ്പത്തിക സഹായവും 'മാ കെയര്‍' ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ലഭിക്കും.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ കുടുംബശ്രീയുടെ 'മാ കെയർ' കിയോസ്കുകൾക്ക് തുടക്കമിട്ടത് വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു സുപ്രധാന ഇടപെടലാണ്. പോഷക സമൃദ്ധമായ ലഘുഭക്ഷണങ്ങൾ, പഠനോപകരണങ്ങൾ, സാനിറ്ററി ഉത്പന്നങ്ങൾ, പാനീയങ്ങൾ എന്നിവ മിതമായ നിരക്കിൽ സ്കൂൾ വളപ്പിൽ ലഭ്യമാക്കുന്നതിലൂടെ, സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് പുറത്തുപോകേണ്ട ആവശ്യം കുറയ്ക്കുകയും അവരുടെ ആരോഗ്യവും സുരക്ഷയും പഠനത്തിലുള്ള ശ്രദ്ധയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കുടുംബശ്രീയംഗങ്ങള്‍ക്ക് സ്ഥിരം വരുമാനത്തിലേക്ക് നീങ്ങാന്‍ സഹായിക്കുന്ന ഈ പദ്ധതി സാമൂഹിക വളര്‍ച്ചയ്ക്കും സ്ത്രീശാക്തീകരണത്തിനും പുതിയ സാധ്യതകള്‍ തുറക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയര്‍ത്തുന്നതിനും കുട്ടികളുടെ സമഗ്ര വികസനത്തിനും ‘മാ കെയര്‍’ ഒരു മാതൃകാപരമായ സംരഭമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-05 15:14:20
ലേഖനം നമ്പർ: 1795