സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികളുടെ  വളർച്ച ഘട്ടങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് 'കുഞ്ഞൂസ് കാർഡ്' പദ്ധതിയുമായി  വനിത ശിശു വികസന വകുപ്പ്. കുഞ്ഞിൻ്റെ പ്രായത്തിന് അനുസൃതമായ ശാരീരിക വളർച്ച ബൗദ്ധിക വളർച്ച എന്നിവയുടെ കൃത്യമായ രേഖപ്പെടുത്തലാണ് കുഞ്ഞൂസ് കാർഡ് വഴി ശേഖരിക്കുന്നത്. വളർച്ചാ വ്യതിയാനങ്ങൾ കണ്ടെത്തുന്നതിന്  ആരോഗ്യം എന്ന തലക്കെട്ടിൽ സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ , ദന്താരോഗ്യം തുടങ്ങിയവ ചിട്ടപ്പെടുത്താൻ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

നാല് ക്വാർട്ടറുകളിലായി കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാൽ ഉയരവും തൂക്കവും 4 തവണയായി കാർഡിൽ രേഖപ്പെടുത്താനാകും. കുട്ടിക്ക് ഉണ്ടാകാൻ സാധ്യതയുള്ള അലർജി, കുത്തിവെപ്പിന്റെ വിവരങ്ങൾ, ഹാജർ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അധികമായി ചേർത്തിട്ടുണ്ട്.  

അങ്കണവാടി പ്രവർത്തകരുടെ വിലയിരുത്തൽ 3 നിറങ്ങളിലുള്ള ബബിളുകൾ ആയി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവർത്തനങ്ങൾ എങ്കിൽ പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കിൽ മഞ്ഞ, സാധിക്കുന്നില്ല എങ്കിൽ ചുവപ്പ് എന്നിവയാണ് ബബിളുകൾ. കുഞ്ഞിന് ഏതെങ്കിലും പ്രവർത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനവും നൽകാം എന്നതാണ് കാർഡിന്റെ സവിശേഷത. 

ഈ തിരിച്ചറിവ് അങ്കണവാടി പ്രവർത്തകർക്കും രക്ഷകർത്താക്കൾക്കും ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ മുൻകൂട്ടി നടത്തുന്നതിനും സഹായിക്കുന്നു. ആരോഗ്യവകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്തമായ ഇടപെടലിന് ഈ കാർഡ് സഹായിക്കും.

വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉൾപ്പെടുന്ന ടെക്‌നിക്കൽ കമ്മിറ്റിയാണ് കാർഡിന് രൂപ നൽകിയത്. ‘കുഞ്ഞൂസ് കാർഡ്’ പദ്ധതി അങ്കണവാടികളിൽ കുട്ടികളുടെ വളർച്ച ശാസ്ത്രീയമായി നിരീക്ഷിക്കുകയും ശാരീരിക-ബൗദ്ധിക വികാസത്തെ കുറിച്ചുള്ള സമഗ്രചിത്രം ഒരുക്കുകയും ചെയ്യുന്നതിനുള്ള നൂതന സംവിധാനമാകും. വളർച്ചാ വ്യതിയാനങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും ആവശ്യമായ വൈദ്യപരിചരണങ്ങൾ ഉറപ്പാക്കുന്നതിനും കുട്ടികളെ ആരോഗ്യം സംരക്ഷിക്കുന്നതിനും  ഈ പദ്ധതി സഹായകരമായിരിക്കും. അതിനോടൊപ്പം, സംസ്ഥാനത്ത് ശിശുക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഒരു മുഖ്യ പദ്ധതിയായി 'കുഞ്ഞൂസ് കാർഡ്' പദ്ധതി മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-05-30 16:20:56

ലേഖനം നമ്പർ: 1773

sitelisthead