
സംസ്ഥാനത്ത് ഗുരുതരമായ രോഗങ്ങൾ നേരിടുന്ന വ്യക്തികൾക്ക് സാന്ത്വന പരിചരണം ഉറപ്പാക്കുന്നതിനായി കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതി നടപ്പാക്കാനൊരുങ്ങി തദ്ദേശ സ്വയം ഭരണ വകുപ്പ്. സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചിലവഴിക്കാൻ സന്നദ്ധതയുള്ളവരെയാണ് പാലിയേറ്റീവ് സേവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഗ്രാമ-നഗര, എപിഎൽ/ ബിപിഎൽ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ എല്ലാ ആളുകളേയും കുടുംബങ്ങളേയും കണ്ണിചേർത്തുകൊണ്ട് മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യണം. ജില്ലാ തലത്തിൽ 30 പ്രവർത്തകരെ ഉൾപ്പെടുത്തി ഓരോ ബാച്ച് അടിസ്ഥാനത്തിൽ പരിശീലനം നൽകും. സന്നദ്ധപ്രവർത്തകർക്ക് മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കും.
ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന കേരളത്തിന്റെ സവിശേഷമായ സംവിധാനമാണ് കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതി. കിടപ്പുരോഗികളല്ലെങ്കിലും ഗുരുതരമായ രോഗങ്ങളുള്ള ആർക്കും സാന്ത്വന ചികിത്സ വീടുകളിൽ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിലുള്ള പാലിയേറ്റീവ് നഴ്സുമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഉറപ്പാക്കും. മറ്റ് സേവനങ്ങൾ സന്നദ്ധപ്രവർത്തകർ മുഖേനയാണ് നിർവഹിക്കുക. ഇതിനായി സാന്ത്വനചികിത്സ ആവശ്യമായ രോഗികളുടെ വിപുലമായ വിവരശേഖരണവും രജിസ്ട്രേഷനും സംസ്ഥാനത്തെങ്ങും വിപുലമായി നടത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ, സെക്കന്ററി യൂണിറ്റുകളെ തയ്യാറാക്കുന്ന പ്രവൃത്തി, നഴ്സുമാർക്കുള്ള വിപുലമായ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-25 10:57:40
ലേഖനം നമ്പർ: 1776