കേരളത്തിൽ വനിത ശാക്തീകരണത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുന്ന കുടുംബശ്രീ പൊതുജനങ്ങൾക്ക് വിനോദവും വിജ്ഞാനവും നൽകുന്നതിനായി ഓൺലൈൻ റേഡിയോയായ റേഡിയോശ്രീ പുനരാരംഭിക്കുന്നു. വ്യത്യസ്തവും സമഗ്രവുമായ പരിപാടികളാണ് ശ്രോതാക്കൾക്കായി കുടുംബശ്രീ അവതരിപ്പിക്കുന്നത്. സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, റേഡിയോശ്രീ സാഹിത്യോത്സവം, ഓഡിയോ ബുക്ക് തുടങ്ങി വിവിധതരത്തിലുള്ള പ്രോഗ്രാമുകൾ റേഡിയോശ്രീ വഴി പ്രേക്ഷകർക്ക് മുന്നിലെത്തും. വിനോദം, വിജ്ഞാനം, സാഹിത്യം, സാമൂഹികചിന്ത എല്ലാം സംയോജിപ്പിച്ച പരിപാടികളാണ് റേഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കുടുംബശ്രീയുടെ ഫലപ്രദമായ ബോധവൽക്കരണ ഉപാധിയായി ഇതിനെ ഉപയോഗപ്പെടുത്തുക, പദ്ധതികൾ, പ്രവർത്തനങ്ങൾ, നേട്ടങ്ങൾ മുതലായവയെക്കുറിച്ച് വിശദമായി അറിയിക്കുകയും, അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ അംഗങ്ങളെയും പൊതുജനത്തെയും പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് റേഡിയോശ്രീയുടെ പ്രധാന ലക്ഷ്യം. 

മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന റേഡിയോശ്രീയുടെ പ്രക്ഷേപണം നാളെ രാവിലെ 7 മണിക്ക് ആരംഭിക്കും. രാവിലെ 7 മുതൽ 1 മണി വരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ആറ് പ്രത്യേക പരിപാടികൾ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. കൂടാതെ, രണ്ട് മണിക്കൂർ ഇടവിട്ട് അഞ്ച് മിനിറ്റിന്റെ കുടുംബശ്രീ വാർത്തകളും സംപ്രേക്ഷണം ചെയ്യും. ഇതോടെ, ആദ്യ ഷെഡ്യൂളിൽ തന്നെ വിവരങ്ങളും വാർത്തകളും ശ്രോതാക്കളിൽ എത്തിക്കാനുള്ള പദ്ധതിയാണ് റേഡിയോശ്രീ ഒരുക്കുന്നത്. 24 മണിക്കൂർ പ്രക്ഷേപണത്തിന് വേണ്ടി ആറ് മണിക്കൂർ വീതമുള്ള നാലു ഷെഡ്യൂളുകളായി പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. ഈ 24 മണിക്കൂറിൽ 18 മണിക്കൂർ പുനഃപ്രക്ഷേപണമായിരിക്കും, ഇതിലൂടെ ശ്രോതാക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പ്രോഗ്രാമുകൾ കേൾക്കാനുള്ള അവസരം ലഭിക്കും.

റേഡിയോശ്രീയുടെ പുനരാരംഭം, സാമൂഹിക വികാസത്തിനും സമൂഹത്തെ ശാക്തീകരിക്കാനുള്ള കുടുംബശ്രീയുടെ ദൗത്യത്തിനും ശക്തമായ പിന്തുണയായി നിലനിൽക്കും. വിജ്ഞാനം, വിനോദം, സാഹിത്യം, വാർത്ത എന്നീ മേഖലകൾ സമന്വയിപ്പിച്ചുള്ള സമഗ്ര പരിപാടികൾ റേഡിയോശ്രീ വഴി പ്രക്ഷേപണം ചെയ്യുന്നത്, സ്ത്രീശാക്തീകരണത്തിന് മാത്രമല്ല, സമൂഹത്തിന്റെ പൊതുവായ ബോധവൽക്കരണത്തിനും പങ്കാളിത്തത്തിനും വഴിയൊരുക്കും..

റേഡിയോശ്രീ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ 
🔹ആൻഡ്രോയിഡ് - play.google.com/store/apps/details...
🔸ഐ. ഒ.എസ് - apps.apple.com/in/app/radio-shree/id6449142584
🔹www.radioshree.com എന്ന വെബ്സൈറ്റിലും  പ്രക്ഷേപണം ലഭിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-05 17:16:59

ലേഖനം നമ്പർ: 1796

sitelisthead