പൊതുജനങ്ങൾക്ക് വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും പുതിയ അധ്യായങ്ങൾ തുറന്ന് സംസ്ഥാനത്തെ ആദ്യ അത്യാധുനിക സയൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിലാണ് 30 ഏക്കറിൽ സയൻസ് സിറ്റി പ്രവർത്തിക്കുന്നത്. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്ര വിഷയങ്ങളിൽ കുട്ടികളുൾപ്പടെയുള്ളവരിൽ ആഭിമുഖ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സയൻസ് സിറ്റി സ്ഥാപിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് സയൻസ് സിറ്റി പൂർത്തീകരിക്കുന്നത്. മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തീയറ്ററുകൾ, പ്രകാശ ശബ്ദസമന്വയ പ്രദർശനം, ജലധാര ,വാനനിരീക്ഷണ സംവിധാനം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ  വിഭാവനം ചെയ്തിരിക്കുന്നത്.      

ശാസ്ത്രഗാലറികൾ, ത്രിമാനപ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നോവേഷൻ ഹബ് എന്നിവ ഉൾക്കൊള്ളുന്ന സയൻസ് സെന്ററാണ് ഇതിലെ പ്രധാന ഭാഗം. പ്ലാനറ്റോറിയം, മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി / വിർച്വൽ റിയാലിറ്റി തിയേറ്ററുകൾ, സംഗീത ജലധാര, പ്രകാശ ശബ്ദ സമന്വയ പ്രദർശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങൾ, സന്ദർശകർക്കുള്ള സൗകര്യങ്ങൾ, പ്രവേശനകവാടം, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സയൻസ് സിറ്റി പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

സയൻസ് സെന്റർ

ശാസ്ത്ര ഗ്യാലറികൾ, ത്രിമാന പ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നവേഷൻ ഹബ്ബ് എന്നിവ ഉൾക്കൊള്ളുന്ന  സയൻസ് സെന്റർ  ആണ് സയൻസ് സിറ്റിയിലെ പ്രധാന ആകർഷണം. പദ്ധതി പ്രദേശത്ത് 47,147 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമിച്ചിരിക്കുന്ന സയൻസ് സെന്റർ കെട്ടിടത്തിൽ പല വിഭാഗങ്ങളിലായിട്ടാണ് പ്രദർശനം  സജ്ജമാക്കിയിട്ടുള്ളത്. ഫൺ സയൻസ് ഗാലറി, എമെർജിങ് ടെക്നോളജി, മറൈൻ സയൻസ്, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ എന്നിവയും ഒരു ത്രീ ഡി തീയറ്റർ, എക്സിബിഷൻ ഹാൾ എന്നിവയുമാണ് സയൻസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. 


1. ഫൺ സയൻസ് ഗാലറി
ശാസ്ത്രതത്വങ്ങളും അതിന്റെ പ്രായോഗിക വശങ്ങളും പ്രതിപാദിക്കുന്ന ഫൺ സയൻസ് ഗാലറി ശാസ്ത്രതൽപരരെ ഏറെ ആകർഷിക്കും. ഇവിടെ അമ്പതോളം ഇനങ്ങൾ വിവിധ ശാസ്ത്ര ശാഖയുടെ കീഴിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോ മാഗ്‌നറ്റിക് തിയറിയെ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങൾ, സൗണ്ട് ഓഫ് മ്യൂസിക്, ബ്രെയിൻ ഗെയിംസ്, ഗണിതമാതൃകകൾ  എന്നീ വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. 

2.എമെർജിങ് ടെക്നോളജി 
മാറിയ കാലത്തിന്റെ ശാസ്ത്രപുരോഗതി വ്യക്തമാക്കുന്ന കാര്യങ്ങളാണിവിടെ കാണാനാകുന്നത്. ഈ വിഭാഗത്തിൽ കാർഷിക വിഭാഗം, ആരോഗ്യ വിഭാഗം, മെറ്റീരിയൽ സയൻസ് വിഭാഗം, ഊർജ്ജം, വിവര സാങ്കേതിക വിദ്യ, കമ്മ്യൂണിക്കേഷൻ, സ്പെയ്സ് സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്. 

3. മറൈൻ സയൻസ് 
ഈ വിഭാഗത്തിൽ കടലിനടിയിലെ കാഴ്ചകളാണ് ആളുകളെ ആകർഷിക്കുന്നത്. വിവിധയിനം കടൽസസ്യങ്ങൾ, അവയുടെ സമുദ്രാന്തർഭാഗത്തെ വിന്യാസം, കടൽ ജീവികളുടെ മാതൃകകളും ചിത്രങ്ങളും, ഓരോ ജീവികളും കാണപ്പെടുന്ന ആഴങ്ങളുടെ അടയാളപ്പെടുത്തൽ എന്നിവയെല്ലാം ഇവിടെ കാണാം. അമ്പതോളം പ്രദർശന വസ്തുക്കളാണുള്ളത്.
 
4. ത്രീ ഡി തിയറ്റർ       
ത്രീ ഡി  തിയറ്റർ ആണ് മറ്റൊരു ആകർഷണം. സമുദ്രാന്തർഭാഗത്തെ കാഴ്ചകളും  ആകാശകാഴ്ചകളും ത്രിമാന വീഡിയോ പ്രദർശനത്തിലൂടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പഴയകാല മനുഷ്യർ എങ്ങനെ ജീവിച്ചുവെന്നും പതിയെപതിയെയുണ്ടായ പരിവർത്തനങ്ങളും ത്രീ ഡി ദൃശ്യാനുഭവത്തിൽ കണ്ടു മനസ്സിലാക്കാം. 20 മിനിട്ട് നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ രണ്ട് വീഡിയോകളാണുള്ളത്.
   
 4.സയൻസ് പാർക്ക്
 ഇവിടെ ശാസ്ത്രാധിഷ്ഠിതമായ 32 വിസ്മയങ്ങളാണുള്ളത്. ഫിസിക്സ് പ്രവർത്തന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകാരണങ്ങളാണേറെയും.
 
5. ആക്ടിവിറ്റി സെന്റർ
കുട്ടികൾക്കു പരീക്ഷണങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. അതിനുവേണ്ട സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.
 
6. ടെമ്പററി എക്സിബിഷൻ ഹാൾ
 ഇവിടെ സ്റ്റിൽ മോഡലുകളുടെ പ്രദർശനം ആണ് ഒരുക്കിയിട്ടുള്ളത്. വിവിധ ശാസ്ത്രതത്വങ്ങളുടെ പ്രസന്റേഷനും ഉണ്ട്. 

സയൻസ് സെന്ററിലെ സ്പിന്നിങ് ഇറേസർ, മാജിക് വാട്ടർ ടാപ്പ്, ഇല്യൂഷൻ വിത്ത് റിങ്‌സ്, സ്കാനിമേഷൻ തുടങ്ങിയ പ്രദർശനങ്ങൾ ശാസ്ത്ര രഹസ്യങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്നു. അതുപോലെ, ഫൺ മിറർ, കർവിങ് ടണൽ, ഫ്രോസൺ ഷാഡോ, കളർ ഷാഡോ എന്നിവ കാഴ്ച എങ്ങനെ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് നേരിട്ട് അനുഭവിച്ചറിയാൻ അവസരം നൽകുന്നു. സയൻസ് സിറ്റിയിയിൽ  രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശിക്കാം. തിങ്കളാഴ്ചകളിൽ അവധിയായിരിക്കും. 30 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് 20 രൂപയും.

കേവലം ഒരു പാഠ്യവിഷയത്തിനപ്പുറം, വിജ്ഞാനത്തെയും വിനോദത്തെയും സമന്വയിപ്പിച്ച്, സയൻസ് സിറ്റി  കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക്   മുതൽക്കൂട്ടാകും. ശാസ്ത്രീയ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി തലമുറയിൽ ശാസ്ത്രത്തോടുള്ള അഭിരുചി വളർത്തുന്നതിനും സയൻസ് സിറ്റി  നിർണായകമായ പങ്ക് വഹിക്കും. കൂടാതെ ശാസ്ത്രത്തിന്റെ വിസ്മയലോകം നേരിട്ട് അനുഭവിച്ചറിയാൻ താൽപ്പര്യമുള്ളവർക്ക് സയൻസ് സിറ്റി മികച്ച അവസരം ഒരുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-02 15:18:25

ലേഖനം നമ്പർ: 1791

sitelisthead