
ഇന്ത്യയിലാദ്യമായി ശ്രവണപരിമിതിയുള്ള വിദ്യാർഥികൾക്കായി പ്രത്യേക പാഠപുസ്‌തകം തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കേൾവിക്കും കാഴ്ചയ്‌ക്കും തുല്യപ്രാധാന്യമുള്ള സാധാരണ പുസ്‌തകങ്ങളിലെ അക്ഷരങ്ങളും വാക്കുകളും പഠിക്കുക കേൾവിപരിമിതർക്ക് പ്രയാസമായതിനാലാണ് കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയും പാഠഭാഗങ്ങൾ ലഘൂകരിച്ചും പ്രത്യേക പുസ്തകങ്ങൾ തയ്യാറാക്കിയത്. ശ്രവണപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി കുട്ടികൾക്ക് ആസ്വാദകരമായ പഠനാനുഭവം ഒരുക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നത്.
സ്പെഷ്യൽ സ്കൂളുകളിലെയും പൊതുവിദ്യാലയങ്ങളിലെയും അനുഭവസമ്പന്നരായ അധ്യാപകരുടെയും വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെയും കൂട്ടായ പ്രയത്നത്തിലൂടെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി) ആണ് വിദ്യാർഥികൾക്കായി പ്രത്യേക പാഠപുസ്തകങ്ങളും, പ്രവർത്തന പുസ്തകങ്ങളും, അധ്യാപക സഹായികളും തയ്യാറാക്കിയത്.
ശ്രവണ പരിമിതിയുള്ളവർക്ക് പ്രത്യേക പാഠപുസ്‌തകങ്ങളിലൂടെ എൽപി തലം കഴിയുമ്പോഴേക്കും അക്ഷരങ്ങളും വാക്കുകളും ഉറപ്പിക്കാനാകും. തുടർ ക്ലാസുകളിൽ ജനറൽ പുസ്‌തകങ്ങൾ പഠിക്കാനാകും. ഉച്ചരിക്കാൻ എളുപ്പമുള്ള അക്ഷരങ്ങളും വാക്കുകളും ആദ്യം പഠിപ്പിക്കും. കേരളത്തിലെ 32 സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി 12 പ്രത്യേക പാഠപുസ്തകങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. നാലാം ക്ലാസ്സുകാർക്കുള്ള പുസ്‌തകവും ഉടൻ തയ്യാറാക്കും.
രാജ്യത്തിന് മാതൃകാപരമായ പദ്ധതിയാണ് കേരളം ആവിഷ്കരിച്ചിരിക്കുന്നത്. ശ്രവണപരിമിതിയുള്ള വിദ്യാർഥികൾക്കായി തയ്യാറാക്കിയ ഈ പ്രത്യേക പാഠപുസ്തകങ്ങൾ, പഠനത്തെ കൂടുതൽ ആസ്വാദ്യകരവും ഫലപ്രദവുമാക്കാൻ സഹായിക്കുന്നു. ഇത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയൊരു മുന്നേറ്റമാണ്, ഒപ്പം ഇത്തരം കുട്ടികളെ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും നിർണായകമായ പങ്ക് വഹിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-05 17:09:35
ലേഖനം നമ്പർ: 1797