പൊതുഭരണ സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് (Business Policy and Process Re-engineering -BPPR) പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ പ്രവർത്തന സജ്ജമായി. പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച ബിപിപിആർ സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഭരണ സംവിധാനത്തിൽ നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ പരിശോധിച്ച് കാലഹരണപ്പെട്ടതും അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കുന്നതുമായ വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനായി പൊതുജനങ്ങൾക്കും വിദഗ്ധർക്കും സ്ഥാപനങ്ങൾക്കും bppr.gad.kerala.gov.in പോർട്ടൽ വഴി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ബിപിപിആർ സെൽ പരിശോധിച്ച് ബന്ധപ്പെട്ട ഭരണവകുപ്പുകൾക്കും വിഷയവിദഗ്ധർക്കും കൈമാറും. തുടർന്നുള്ള പരിശോധനയുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾക്ക് രൂപം നൽകും.
പൊതുജനങ്ങൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യാം. നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാധുവായ ഇ-മെയിൽ വിലാസം ഉപയോഗിച്ചുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഡിജിറ്റൈസേഷൻ, പരിശോധന, വിശകലനം, പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളുടെ ക്രോഡീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഏറ്റവും മികച്ചതും സ്വീകാര്യമായതുമായ ചട്ട ഭേദഗതികൾ സമർപ്പിക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകും.
സാധാരണക്കാർക്കും സംരംഭകർക്കും ഭരണതലത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനും നടപടിക്രമങ്ങള് ലളിതമാക്കാനും ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് പദ്ധതിയിലൂടെ സാധിക്കും. ജനപങ്കാളിത്തവും ആധുനിക സാങ്കേതികവിദ്യയും ഒരുമിപ്പിക്കുന്നതിലൂടെ, കൂടുതൽ വേഗതയേറിയതും സുതാര്യവുമായ ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച മുന്നേറ്റമായി ബിപിപിആർ പോർട്ടൽ മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-21 08:43:06
ലേഖനം നമ്പർ: 2147