സംസ്ഥാനത്തെ റോഡപകടങ്ങളിലെ മരണങ്ങളും ഗുരുതരമായ പരിക്കുകളും ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന സമഗ്ര റോഡ് സുരക്ഷാ പദ്ധതിയാണ് 'ജീവ-സുയാത്ര മിഷൻ'. 2047-ഓടെ 'വിഷൻ സീറോ' (അപകടമരണങ്ങളില്ലാത്ത കേരളം) കൈവരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി, കേരള റോഡ് സുരക്ഷാ അതോറിറ്റി (KRSA), മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ, 'സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ' മാതൃകയിൽ പൊതുജന പങ്കാളിത്തത്തോടെ ഓഡിറ്റ് ചെയ്യാൻ കഴിയുന്ന ഡേറ്റാ അധിഷ്ഠിതമായ സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുകയാണ്  ജീവ-സുയാത്ര മിഷൻ വിഭാവനം ചെയ്യുന്നത്.

ഐക്യരാഷ്ട്രസഭയുടെ രണ്ടാം റോഡ് സുരക്ഷാ ദശക (2021-2030)  പ്രഖ്യാപനത്തിന് അനുസൃതമായി അപകടമരണങ്ങളും പരിക്കുകളും കുറയ്ക്കാൻ കൃത്യമായ സമയപരിധി മിഷൻ നിശ്ചയിച്ചിട്ടുണ്ട്. 2030 ഓടെ സംസ്ഥാന റോഡപകട മരണങ്ങളും ​ഗുരുതര പരിക്കുകളും 50 ശതമാനമായി കുറയ്ക്കാനും തുടർന്ന് 2035ൽ 65%, 2040ൽ 80%, 2045ൽ 95% എന്നിങ്ങനെ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് 2047 ഓടെ 'വിഷൻ സീറോ' അഥവാ അപകടമരണങ്ങളില്ലാത്ത കേരളം എന്ന ലക്ഷ്യം കൈവരിക്കും.

സേഫ് സിസ്റ്റം അപ്രോച്ച് അടിസ്ഥാനമാക്കിയാണ് ജീവ-സുയാത്ര മിഷൻ രൂപപ്പെടുത്തിയിട്ടുള്ളത്. റോഡ് നിർമ്മാണ ഏജൻസികൾ, വാഹന പരിശോധനാ വിഭാഗങ്ങൾ, നിയമപാലകർ, ആരോ​ഗ്യ സംവിധാനങ്ങൾ,പൊതുജനങ്ങൾ എന്നിവർക്കിടയിൽ ഉത്തരവാദിത്വം പങ്കുവെക്കുന്ന അഞ്ച് സ്തംഭങ്ങളും (5S) അവ പ്രാവർത്തികമാക്കുന്ന അഞ്ച് സംയോജിത പ്രവർത്തന തന്ത്രങ്ങളിലൂടെയുമാണ് (5E) മിഷൻ നടപ്പിലാക്കുന്നത്.

അഞ്ച് സ്തംഭങ്ങൾ (5S)

  •  സേഫ് സ്പീഡ്: റോഡിന്റെ ഘടനയ്ക്കും ജനസാന്ദ്രതയ്ക്കും അനുസൃതമായി ശാസ്ത്രീയ വേഗപരിധി നിശ്ചയിക്കൽ.
  • സേഫ് വെഹിക്കിൾ: വാഹനങ്ങളുടെ കൃത്യമായ ഫിറ്റ്നസ് പരിശോധന, നിലവാരമുള്ള ഹെൽമറ്റ്-സീറ്റ് ബെൽറ്റ് ഉപയോഗം, പൊതുവാഹനങ്ങളിൽ ടെലിമാറ്റിക്സ് സംവിധാനം.
  • സേഫ് സ്ട്രീറ്റ്: സുരക്ഷിതമായ റോഡ് രൂപകൽപ്പന, കാൽനട ക്രോസിംഗുകൾ, വ്യക്തമായ റോഡ് മാർക്കിംഗുകൾ.
  • സേഫ് ബിഹേവിയർ: മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കൽ, ലെയ്ൻ അച്ചടക്കം, ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്കാരം.
  • പോസ്റ്റ്-കൊളിഷൻ റെസ്പോൺസ്: അപകടാനന്തര അടിയന്തര വൈദ്യസഹായം, ന്യൂറോ-റീഹാബിലിറ്റേഷൻ, അപകടത്തിൽപ്പെട്ടവർക്കുള്ള നിയമ-സാമൂഹിക പിന്തുണ.

പ്രവർത്തന തന്ത്രങ്ങൾ (5E):

  • എഡ്യൂക്കേഷൻ: സമൂഹത്തെ ആറ് വിഭാഗങ്ങളായി തിരിച്ച് ശാസ്ത്രീയ പാഠ്യപദ്ധതിയിലൂടെ ആജീവനാന്ത റോഡ് സുരക്ഷാ സാക്ഷരത ഉറപ്പാക്കൽ.
  • എഞ്ചിനീയറിംഗ്: അപകടസാധ്യതാ മേഖലകൾ പരിഹരിക്കലും സുരക്ഷിതമായ നടപ്പാതകൾ ഒരുക്കലും.
  • എൻഫോഴ്സ്മെന്റ്: ഓട്ടോമേറ്റഡ് ക്യാമറ നിരീക്ഷണവും കർശനമായ നിയമപാലനവും.
  • എമർജൻസി കെയർ: 'ഗോൾഡൻ അവർ' ജീവൻരക്ഷാ ശൃംഖല, സി.പി.ആർ പരിശീലനം, ഗുഡ് സമരിറ്റൻ സംവിധാനം, പണരഹിത ട്രോമ ചികിത്സ.
  • ഇവാലുവേഷൻ: കേരള ട്രാഫിക് കൾച്ചർ ഇൻഡക്സ് വഴിയുള്ള പഠനവും ദ്വൈവാർഷിക ഓഡിറ്റും.

ഭരണ-നിർവഹണ സംവിധാനം

സംസ്ഥാന തലം മുതൽ താലൂക്ക് തലം വരെ വ്യാപിച്ചുകിടക്കുന്ന ത്രിതല സംഘടനാ സംവിധാനമാണ് മിഷനുള്ളത്. 

ഉന്നതാധികാര സമിതി: മുഖ്യമന്ത്രി ചെയർമാനും ഗതാഗത വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ സമിതിയിൽ ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, യുവജനക്ഷേമം, റവന്യു വകുപ്പ് മന്ത്രിമാർ അംഗങ്ങളാണ്.

മിഷൻ ഡയറക്ടറേറ്റ്: ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് കീഴിൽ ട്രാൻസ്പോർട്ട് കമ്മീഷണർ മിഷൻ ഡയറക്ടറായും, റോഡ് സേഫ്റ്റി കമ്മീഷണർ സി.ഇ.ഒ ആയും പ്രവർത്തിക്കുന്നു. സാങ്കേതിക സഹായത്തിനായി മൾട്ടി ഡിസിപ്ലിനറി ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പും ഉണ്ട്.

പ്രാദേശിക നിർവഹണം: ജില്ലാതലത്തിൽ അപകടസാധ്യത മേഖലകളുടെ ശാസ്ത്രീയ പരിശോധന, മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം, വകുപ്പുകളുടെ സംയുക്ത പരിശോധനകൾ, ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ  ജില്ലാ മിഷൻ നിർവഹണ സമിതിയും, സംസ്ഥാനത്തെ 78 താലൂക്കുകളിലും താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താലൂക്ക് തല നിർവഹണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. കുടുംബശ്രീയെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഇതിൽ പങ്കാളികളാക്കിയിട്ടുണ്ട്.

യുഎൻ റോഡ് സേഫ്റ്റി ഫണ്ട്, സ്വീഡിഷ് വിഷൻ സീറോ വിദഗ്ധർ എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പദ്ധതിയിലുണ്ട്. ശാസ്ത്രീയ റോഡ് ഓഡിറ്റിംഗിനായി ഐഐടി മദ്രാസ്, നാറ്റ്പാക്, എൻഐടി കാലിക്കറ്റ് എന്നിവയുടെയും, പരിശീലനത്തിനും പാഠ്യപദ്ധതി രൂപീകരണത്തിനുമായി എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ, കുസാറ്റ് എന്നിവയുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

സർക്കാർ വകുപ്പകളുടെ ഏകോപനവും ആധുനിക സാങ്കേതികവിദ്യയും ജനകീയ പങ്കാളിത്തവും സമനയിപ്പിച്ചെകാണ്ട് നടപ്പിലാക്കുന്ന ജീവ-സുയാത്ര മിഷൻ രാജ്യത്തിന് തന്നെ മാതൃകയാണ്. നിയമപാലനത്തോടൊപ്പം പൗരബോധവും സാമൂഹിക ഉത്തരവാദിത്തവും സമന്വയിപ്പിച്ച് കേരളത്തിലെ ഓരോ യാത്രയും സുരക്ഷിതമാക്കുക എന്ന നിർണായക ലക്ഷ്യമാണ് ജീവ-സുയാത്ര മിഷൻ മുന്നോട്ട് വയ്ക്കുന്നത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-18 11:03:24

ലേഖനം നമ്പർ: 2142

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo