കുട്ടികളിലും യുവജനങ്ങളിലും കായികാഭിരുചി വളർത്തുന്നതിനും മികച്ച കായികപ്രതിഭകളെ കണ്ടെത്തി ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി കായിക യുവജനകാര്യാലയം ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി 2026 പദ്ധതി നടപ്പാക്കുന്നു. ജില്ലാ - സംസ്ഥാനതല മത്സരങ്ങളിലൂടെ യുവ കായികതാരങ്ങൾക്ക് കഴിവുകൾ തെളിയിക്കാനും മികവ് പുലർത്താനും ക്രമീകൃതമായ വേദിയൊരുക്കുകയാണ് ലക്ഷ്യം.
അടിസ്ഥാനതലത്തിൽ കായികപ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനത്തിലൂടെയും നിരന്തരമായ പ്രകടന നിരീക്ഷണത്തിലൂടെയും ഉയര്‍ന്ന നിലവാരത്തിലുള്ള കായികതാരങ്ങളായി വളര്‍ത്തിയെടുക്കുന്നതിനായി സംഘടിപ്പിക്കുന്ന സമഗ്ര കായികതാര വികസന പദ്ധതിയാണ് ഖേലോ കേരളം 2026. പദ്ധതിയുടെ ഔദ്യോഗിക ഭാഗ്യചിഹ്നമായി നീലഗിരി വരയാടിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഹാനോ' എന്നാണ് ഭാഗ്യചിഹ്നത്തിന് നൽകിയിരിക്കുന്ന പേര്.

ഓരോ കുട്ടിയിലും ഒരു കായിക പ്രതിഭ, ഓരോ ജില്ലയിലും മികച്ച കായികതാരങ്ങള്‍, കേരളത്തില്‍ നിന്ന് ദേശീയവും അന്തര്‍ദേശീയവുമായ ചാമ്പ്യന്മാര് എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള ഖേലോ കേരളം പദ്ധതി, 2036 ഒളിമ്പിക്സ് ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ കായിക മുന്നേറ്റത്തിൽ കേരളത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.
പദ്ധതിയുടെ ആദ്യ പതിപ്പിൽ അത്ലറ്റിക്സ് മത്സരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഓട്ടമത്സരങ്ങൾ, ലോംഗ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നിവയാണ് മത്സരയിനങ്ങൾ. കേരളത്തിലെ എല്ലാ സബ്ജില്ലകളിലും 14 ജില്ലകളിലും മത്സരങ്ങള്‍ സംഘടിപ്പിച്ച് അണ്ടർ-12, അണ്ടർ-14, അണ്ടർ-16, അണ്ടർ-18 വിഭാഗങ്ങളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തുന്നു. ട്രാന് ആന്‍ഡ് ഫീല്‍ഡ്, ത്രോയിംഗ് ഇവന്റ്സ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത അത്ലറ്റിക്സ് ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. മികച്ച താരങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മെഡല്‍, സമ്മാനത്തുക എന്നിവ നല്‍കും. ഓരോ ഇനത്തിലെയും മികച്ച താരങ്ങളെ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നു.
മികച്ച താരങ്ങളെ അവരുടെ പ്രകടന നിലവാരത്തിനും കഴിവിനും അനുസരിച്ച് സ്പോര്‍ട്സ് സ്കൂള്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍, ഹൈ പെര്‍ഫോമന്‍സ് ട്രെയിനിംഗ് സെന്ററുകള്‍ എന്നീ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ശാസ്ത്രീയമായ തുടര്‍പരിശീലനം നല്‍കും. പ്രകടനം വിലയിരുത്തല്‍, സ്പോര്‍ട്സ് സയന്‍സ് പിന്തുണ, പരിശീലനം, മത്സരപരിചയം, പെര്‍ഫോമന്‍സ് മോണിറ്ററിംഗ് എന്നിവയിലൂടെ താരങ്ങളെ ദേശീയ-അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

മൂന്ന് ഘട്ടങ്ങളിലായി മത്സരങ്ങൾ
മികച്ച കായികപ്രതിഭകളെ കണ്ടെത്തുന്നതിനായി മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഉപജില്ലാതലം: സംസ്ഥാനത്തെ 163 ഉപജില്ലകളിലും മത്സരങ്ങൾ നടത്തി മികച്ച താരങ്ങളെ കണ്ടെത്തും.
ജില്ലാതലം: ഉപജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ 14 ജില്ലകളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.
സംസ്ഥാനതലം: ജില്ലാതല മത്സരങ്ങളിൽ യോഗ്യത നേടുന്ന താരങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും.
പുരസ്കാരങ്ങളും കായികതാരങ്ങൾക്കുള്ള പിന്തുണയും
സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ലയ്ക്ക് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി സമ്മാനിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് എത്തുന്ന കായികതരാങ്ങള്ക്ക് യഥാക്രമം 20000,15000,10000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. സംസ്ഥാനതല മത്സരത്തിലെ ഓരോ ഇനത്തിലും ആദ്യ എട്ട് സ്ഥാനങ്ങള്‍ നേടുന്ന താരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സ്കോളര്‍ഷിപ്പ് നല്‍കും. ഇതിലൂടെ തുടര്‍പരിശീലനത്തിനും കായികരംഗത്തെ മുന്നേറ്റത്തിനും സാമ്പത്തിക പിന്തുണ ലഭിക്കും. സംസ്ഥാനതല മത്സരത്തിലെ ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന താരങ്ങള്‍ക്ക് 1,00,000 വീതം ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷയും നൽകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, സംസ്ഥാന സിലബസ് സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. പദ്ധതിയുടെ വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക, കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, സ്കൂൾതലത്തിൽ പ്രതിഭകളെ കണ്ടെത്തുക, ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന പങ്ക്.
കായികവികസനത്തിന് ദീർഘകാല കാഴ്ചപ്പാട്
പദ്ധതിയുടെ ആദ്യ പതിപ്പ് കേരളത്തിൽ കായികപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ശക്തമായ സംവിധാനത്തിന് അടിത്തറയിടും. ആദ്യ പതിപ്പിന്റെ അനുഭവങ്ങളും ഫലങ്ങളും വിലയിരുത്തി തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ കായിക ഇനങ്ങളിലേക്കും പ്രായവിഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതും പരിഗണിക്കും. കേരളത്തിലെ കായികവികസനം ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തുടനീളമുള്ള കായികപ്രതിഭകൾക്ക് മികച്ച അവസരങ്ങൾ നൽകുന്നതിനും ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി 2026 സഹായകമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-16 09:09:35
ലേഖനം നമ്പർ: 2140